
ന്യൂഡെൽഹി: ജൂൺ പാദത്തിൽ അറ്റാദായം 490.30 ശതമാനം വർധിച്ച് 680 കോടി രൂപയായതായി അവന്യൂ സൂപ്പർമാർട്ട്‌സ് ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 115 കോടി രൂപയായിരുന്നു. ഡിമാർട്ട് അതിന്റെ ജൂൺ പാദത്തിലെ ഏകികൃത വരുമാനം 9,806.89 കോടി രൂപയായി ഉയർന്നതായി ഒരു ബിസിനസ് അപ്‌ഡേറ്റിലൂടെ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. ഈ പാദത്തിലെ എബിറ്റ്‌ഡ മാർജിൻ മുൻ വർഷത്തെ 4.4 ശതമാനത്തിൽ നിന്ന് 10.3 ശതമാനമായി ഉയർന്നു. 2022 സാമ്പത്തിക വർഷത്തെ ജൂൺ പാദത്തിൽ കമ്പനിയുടെ ഏകികൃത പാറ്റ് മാർജിൻ 6.9 ശതമാനമായിരുന്നു. മുൻ വർഷം ഇതേകാലയളവിൽ ഇത് 2.3 ശതമാനമായിരുന്നു.
എല്ലാ പ്രധാന സാമ്പത്തിക പരാമീറ്ററുകളിലുമുള്ള വളർച്ചയോടെയാണ് തന്റെ കമ്പനി ഈ പാദം അവസാനിപ്പിച്ചതെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നെവിൽ നൊറോണ പറഞ്ഞു. കൂടാതെ മൊത്തത്തിലുള്ള വിൽപ്പനയിൽ മികച്ച വീണ്ടെടുക്കൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, പാദരക്ഷകൾ, സൗന്ദര്യം, വിവിധ ഹോം യൂട്ടിലിറ്റി ഉൽപ്പന്നങ്ങൾ എന്നി വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനികളിലൊന്നാണ് അവന്യൂ സൂപ്പർമാർട്സ് ലിമിറ്റഡ്.