
ന്യൂയോർക്ക്: യുഎസിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മുൻനിര ആന്റി വൈറസ് കമ്പനിയായ കാസ്പർസ്കീ ലാബ്സ്. ജോ ബൈഡൻ ഭരണകൂടം കാസ്പർസ്കീ സോഫ്റ്റ് വെയറുകളുടെ വിതരണവും വിൽപനയും രാജ്യത്ത് നിരോധിച്ചതോടെയാണ് കമ്പനി രാജ്യം വിടുന്നതായി പ്രഖ്യാപിച്ചത്.
സുരക്ഷാ ഏജൻസികൾ വർഷങ്ങളായി ഉന്നയിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളാണ് ഇപ്പോൾ നിരോധനത്തിൽ എത്തിയിരിക്കുന്നത്. നേരത്തെ തന്നെ സർക്കാർ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും കാസ്പർസ്കീ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് യു.എസ്. തടഞ്ഞിരുന്നു.
വ്യവസായം നടത്താൻ സാധിക്കാതെ രാജ്യം വിടാനുള്ള തീരുമാനമെടുക്കുന്നത് ദുഷ്കരമാണെന്ന് കാസ്പർസ്കീ ബിബിസിയോട് പറഞ്ഞു.
റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസ്പർസ്കീ ചൈനീസ് കമ്പനികൾ നേരിടുന്നതിന് സമാനമായ രാജ്യസുരക്ഷാ ആരോപണങ്ങളാണ് നേരിടേണ്ടിവന്നത്. കാസ്പർസ്കീയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് യു.എസ്. കാസ്പർസ്കീ സോഫ്റ്റ്വെയർ വഴി റഷ്യ യു.എസിൽ രഹസ്യ നിരീക്ഷണം നടത്താനിടയുണ്ടെന്നാണ് യു.എസിന്റെ ആശങ്ക. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി വിലയിരുത്തുന്നു.
2017-ലാണ് കാസ്പർസ്കീയുടെ ഉല്പന്നങ്ങൾ യു.എസ് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിലക്കിയത്. 2022-ൽ തന്നെ കാസ്പർസ്കീയെ യു.എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ രാജ്യത്തിന് ഭീഷണിയാവുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വിവിധ ചൈനീസ് കമ്പനികളേയും ഇതേ പട്ടികയിൽ യു.എസ്. ഉൽപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണം മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാസ്പർസ്കീ ആവർത്തിച്ച് നിഷേധിച്ചിരുന്നു.
എങ്കിലും കാസ്പർസ്കീ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടിൽ ഉറച്ചുനിന്ന യുഎസ്. നടപടികൾ തുടരുകയായിരുന്നു.
കാസ്പർസ്കീയ്ക്ക് നിരോധനം ഏർപ്പെടുത്തിയ യുഎസ് ഭരണകൂടം ജൂലായ് 20 മുതൽ യു.എസ്. ഉപഭോക്താക്കൾക്ക് ഉല്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കാസ്പർസ്കീയ്ക്ക് വിലക്കേർപ്പെടുത്തി.
സെപ്റ്റംബർ 29 വരെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകാൻ മാത്രമാണ് അനുമതി.
ഈ സാഹചര്യത്തിലാണ് കമ്പനിയ്ക്ക് യുഎസിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നത്.