
ന്യൂഡല്‍ഹി: എയര്‍ ഡിഫന്‍സ് മിസ്സൈല്‍ സംവിധാനമായ അനന്ത് ശാസ്ത്ര നിര്‍മ്മിക്കാനുള്ള 30,000 കോടി രൂപയുടെ കരാര്‍ ഇന്ത്യന്‍ കരസേനയില്‍ നിന്നും നേടിയിരിക്കുകയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍). നേരത്തെ ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം എന്നറിയപ്പെട്ടിരുന്ന ഈ മിസൈല്‍ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനാണ് വികസിപ്പിച്ചത്.
2025 ഏപ്രില്‍ 1 ലെ കണക്കനുസരിച്ച്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് (ബിഇഎല്‍) ഏകദേശം 71,650 കോടി രൂപയുടെ മൊത്തം ഓര്‍ഡര്‍ ബുക്കാണുള്ളത്. ഇതില്‍ 359 ദശലക്ഷം യുഎസ് ഡോളറിന്റെ കയറ്റുമതി ഓര്‍ഡറുകളും എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ക്കുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ക്കുള്ള 2210 കോടി രൂപയുടെ ഓര്‍ഡറും അശ്വനി റഡാര്‍ സംവിധാനത്തിനുള്ള 2463 കോടി രൂപയുടെ ഓര്‍ഡറും ആശയവിനിമയ ഉപകരണങ്ങള്‍, ജാമ്മറുകള്‍, സിമുലേറ്ററുകള്‍ എന്നിവയ്ക്കുള്ള ഓര്‍ഡറുകളും ഉള്‍പ്പെടുന്നു.
ഇന്ത്യയിലെ മുന്‍നിര പ്രതിരോധ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാവ് എന്ന നിലയില്‍ ബിഇഎല്ലിന്റെ സ്ഥാനം എടുത്തുകാണിക്കുന്നതാണിത്. മിസൈല്‍ സംവിധാനങ്ങള്‍ക്ക് പുറമേ, ഡ്രോണുകളെയും മറ്റ് വ്യോമ ഭീഷണികളെയും നേരിടാനായി പുതിയ റഡാറുകള്‍, ജാമറുകള്‍, ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ എന്നിവയും ഇന്ത്യന്‍ സൈന്യം വാങ്ങുന്നുണ്ട്. പ്രതിരോധ സാമഗ്രികകളുടെ തദ്ദേശീയവത്ക്കരണം ലക്ഷ്യമിടുന്നതിനാല്‍ ഇതിനായി ഇന്ത്യന്‍ കമ്പനികളേയാകും ആശ്രയിക്കുക. അനന്ത് ശാസ്ത്ര കരാര്‍ ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പാണ്.
സോറാവര്‍ ലൈറ്റ് ടാങ്ക് പോലുള്ള മറ്റ് തദ്ദേശീയ സംവിധാനങ്ങളും സമീപഭാവിയില്‍ സൈന്യത്തിന്റെ ആയുധപ്പുരയില്‍ ചേരും.