
ഡൽഹി: ഇന്ധന വിലക്കയറ്റവും അനുബന്ധ പണപ്പെരുപ്പ പ്രത്യാഘാതങ്ങളും കാരണം 2022 ജൂൺ പാദത്തിൽ 25.46 ശതമാനം ഇടിവോടെ 865.44 കോടി രൂപയുടെ എകീകൃത അറ്റാദായം നേടി അംബുജ സിമന്റ്‌സ്. ജനുവരി-ഡിസംബർ സാമ്പത്തിക വർഷം പിന്തുടരുന്ന കമ്പനി കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,161.16 കോടി രൂപ അറ്റാദായം നേടിയതായി അംബുജ സിമന്റ്‌സ് ബിഎസ്‌ഇ ഫയലിംഗിൽ അറിയിച്ചു. എന്നിരുന്നാലും, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15.11 ശതമാനം ഉയർന്ന് 8,032.88 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 6,978.24 കോടി രൂപയായിരുന്നു. കൂടാതെ അവലോകന പാദത്തിൽ അംബുജ സിമന്റ്‌സിന്റെ മൊത്തം ചെലവ് 33.09 ശതമാനം ഉയർന്ന് 7,276.72 കോടി രൂപയായി വർധിച്ചു. അംബുജ സിമന്റ്‌സിന്റെ ഏകീകൃത ഫലത്തിൽ അതിന്റെ സ്റ്റെപ്പ് ഡൗൺ സ്ഥാപനമായ എസിസി ലിമിറ്റഡിന്റെ സാമ്പത്തിക പ്രകടനവും ഉൾപ്പെടുന്നു.
ഏപ്രിൽ-ജൂൺ പാദത്തിൽ അംബുജ സിമന്റ്‌സിന്റെ വിൽപ്പന അളവ് 15.10 ശതമാനം ഉയർന്ന് 7.39 ദശലക്ഷം ടണ്ണായി (എംടിപിഎ). അതേസമയം 2022-ന്റെ ആദ്യ പകുതിയിൽ, അംബുജ സിമന്റ്‌സിന്റെ ഏകീകൃത അറ്റാദായം 27.93 ശതമാനം കുറഞ്ഞ് 1,721.90 കോടി രൂപയായി, ഒരു വർഷം മുമ്പ് ഇത് 2,389.40 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജനുവരി-ജൂൺ കാലയളവിൽ 8.43 ശതമാനം വർധിച്ച് 15,932.92 കോടി രൂപയായി. അംബുജ സിമന്റ്‌സിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.31 ശതമാനം ഇടിഞ്ഞ് 370.00 രൂപയിലെത്തി.