
ന്യൂഡല്‍ഹി:2022-ല്‍ വന്‍തോതിലുള്ള പിരിച്ചുവിടലുകളും തൊഴില്‍ നഷ്ടങ്ങളും സംഭവിച്ചുവെന്ന് നിസ്സംശയം പറയാം. എന്നാല്‍ ട്രെന്‍ഡ് മാറുകയാണെന്ന് ഏറ്റവും പുതിയ എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. ഉത്പാദന മേഖലയില്‍ തൊഴില്‍ വര്‍ദ്ധനവുണ്ടായതായി ഹ്യൂമന്‍ റിസോഴ്സ് സൊല്യൂഷന്‍സ് പ്ലാറ്റ്ഫോം ടീംലീസ്, വെളിപെടുത്തുന്നു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-ഫെബ്രുവരി-മാര്‍ച്ച്) 60 ശതമാനം തൊഴിലുടമകളും വിപുലീകരണ ശ്രമത്തിലാണ്. മെട്രോ നഗരങ്ങളില്‍ (94 ശതമാനം) നോണ്‍-മെട്രോ നഗരങ്ങളെ അപേക്ഷിച്ച് (73 ശതമാനം) ജോലിക്കെടുക്കല്‍ കൂടുതലാണ്. മുംബൈ (97 ശതമാനം), ബംഗളൂരു (94 ശതമാനം), ചെന്നൈ (89 ശതമാനം), ഡല്‍ഹി (84 ശതമാനം), പൂനെ (73 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതല്‍ നിയമനം നടക്കുന്ന നഗരങ്ങള്‍.
”കോവിഡ് -19 തരംഗത്തിന് ശേഷം ആഗോള തൊഴില്‍ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു. വരും പാദങ്ങളില്‍ ഇത് ശക്തമാകും.വ്യവസായം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”ടീംലീസ് സര്‍വീസസിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ മഹേഷ് ഭട്ട് പറഞ്ഞു.
‘മേക്ക് ഇന്‍ ഇന്ത്യ’ യും ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളും ഇന്ത്യയെ നിക്ഷേപ സൗഹൃദമാക്കിയെന്നും ഇത് തൊഴില്‍ വര്‍ധനവുണ്ടാക്കുമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞിട്ടുണ്ട്. യഥാക്രമം 14.71 ശതമാനം,15.67 ശതമാനം കൊഴിഞ്ഞുപോകല്‍ നിരക്ക് കാണിച്ച ഹെല്‍ത്ത് കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മാണ വ്യവസായം ഒറ്റ അക്ക നിരക്കാണ് പ്രകടമാക്കിയത്.
രാജ്യമെമ്പാടുമുള്ള 301 ഉത്പാദന കമ്പനികളും 09 നിര്‍മ്മാണ വ്യവസായങ്ങളും സര്‍വേയില്‍ പങ്കുകൊണ്ടു.