
ന്യൂഡല്‍ഹി: എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള എക്‌സ് (ട്വിറ്റര്‍) അതിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് ലോകത്തെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് വിപണിയായ ഇന്ത്യയില്‍ 47 ശതമാനം വരെ കുറച്ചു. ആദ്യമായാണ് ബേസിക്, പ്രീമിയം, പ്രീമിയം+ എന്നീ മൂന്ന് വിലനിര്‍ണ്ണയ ശ്രേണികളുടെ വിലയില്‍ എക്‌സ് മാറ്റം വരുത്തുന്നത്. നേരത്തെ, കമ്പനി അതിന്റെ ഏറ്റവും ഉയര്‍ന്ന സബ്സ്‌ക്രിപ്ഷന്‍ ടയറായ എക്‌സ്പ്രീമിയം+ വില രണ്ടുതവണ വര്‍ദ്ധിപ്പിച്ചിരുന്നു.
എക്‌സ് പ്രീമിയത്തിന്റെ ബേസിക് ടയര്‍ നിലവില്‍ ഇന്ത്യയില്‍ പ്രതിമാസം 170 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 1,700 രൂപയ്ക്ക് ലഭ്യമാണ്. പ്രതിമാസം 244 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 2,591 രൂപയായിരുന്ന സ്ഥാനത്താണിത്. 30 ശതമാനം കുറവ്.
പ്രീമിയം പ്ലാനിന്റെ വില ഇപ്പോള്‍ പ്രതിമാസം 427 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 4,272 രൂപയാണ്. നേരത്തെ ഇത് 650 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 6,800 രൂപയായിരുന്നു. 34 ശതമാനം കുറവ്.
മസ്‌ക്കിന്റെ ഇന്റര്‍നെറ്റ് കമ്പനിയായ എക്‌സ്എഐ കഴിഞ്ഞദിവസം ഗ്രോക്ക്4 എഐ മോഡല്‍ പുറത്തിറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് കുറച്ച് പ്രസ്താവന വന്നത്.
2023 ഫെബ്രുവരിയിലാണ് ട്വിറ്റര്‍ ബ്ലൂ എന്ന പേരില്‍ കമ്പനി ഇന്ത്യയില്‍ ലോഞ്ച്‌ചെയ്യപ്പെടുന്നത്. 2025 മാര്‍ച്ചില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ എക്‌സ്എഐ 33 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തു.