തൃശൂർ: കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ നേടിയത് 39% സംയോജിത വരുമാനക്കുതിപ്പ്.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ബിസിനസ് വരുമാനം മാത്രം 41% ഉയർന്നുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി.
ഉത്സവകാല, വിവാഹകാല പർച്ചേസുകളിലെ ഉണർവ് മികച്ച നേട്ടത്തിന് വഴിയൊരുക്കി. സ്വന്തം ഷോറൂമുകളിൽ (same-store) വിൽപന 24 ശതമാനത്തോളവും ഉയർന്നു. മിഡിൽ-ഈസ്റ്റിലെ ഷോറൂമുകളിൽ നിന്നുള്ള വരുമാന വളർച്ച 22 ശതമാനം.
കമ്പനിയുടെ മൊത്തം വരുമാനത്തിൽ 11 ശതമാനമാണ് മിഡിൽ-ഈസ്റ്റിന്റെ പങ്ക്. കഴിഞ്ഞപാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് യുഎസിലും ആദ്യമായി സാന്നിധ്യമറിയിച്ചു. കല്യാൺ ജ്വല്ലേഴ്സ് തന്നെ നേരിട്ട് നടത്തുന്ന ഷോറൂമാണിത്.
ഇന്ത്യയിൽ 24 പുതിയ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളും കഴിഞ്ഞപാദത്തിൽ ആരംഭിച്ചിരുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ (Candere) കഴിഞ്ഞപാദത്തിൽ 89% വരുമാന വളർച്ച നേടി. കാൻഡിയറിന്റെ 23 പുത്തൻ ഷോറൂമുകളും കഴിഞ്ഞപാദത്തിൽ തുറന്നു.
കൂടുതൽ ഷോറൂമുകൾ തുറക്കും
അടുത്ത സാമ്പത്തിക വർഷം (2025-26) കല്യാൺ ജ്വല്ലേഴ്സ്, കാൻഡിയർ വിഭാഗങ്ങളിലായി 170 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ദക്ഷിണേന്ത്യക്ക് പുറത്ത് 75 പുതിയ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകൾ ആരംഭിക്കും.
ഫ്രാഞ്ചൈസീ ഓൺഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) വിഭാഗത്തിലാണിത്. ദക്ഷിണേന്ത്യയിലും വിദേശത്തുമായി 15 കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളും തുറക്കും. ഇന്ത്യയിൽ പുതുതായി 80 കാൻഡിയർ ഷോറൂമുകളും ലക്ഷ്യമിടുന്നു.
കഴിഞ്ഞപാദത്തിൽ കല്യാൺ, കാൻഡിയർ ശ്രേണികളിലായി ആകെ 46 ഷോറൂമുകൾ (net showrooms) ആരംഭിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ആകെ ഷോറൂമുകൾ 349 ആയി. ഇന്ത്യയിൽ 253, മിഡിൽ-ഈസ്റ്റിൽ 36, യുഎസിൽ 1 എന്നിങ്ങനെ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളുണ്ട്.
ആകെ കാൻഡിയർ ഷോറൂമുകൾ 59.