കൊച്ചി: കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിന് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് അടുത്ത മൂന്നുവർഷത്തിനകം10,000 കോടി രൂപ നിക്ഷേപിക്കും.
ഇതിനകം സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് തുറമുഖത്ത് 7,900 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നിർമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ, മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നത് അദാനി ഗ്രൂപ്പാണ്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നിയന്ത്രണച്ചുമതലയുള്ള അദാനി ഗ്രൂപ്പ്, അടുത്ത 5 വർഷത്തിനകം വിമാനത്താവള വികസനത്തിനായി 2,000 കോടി രൂപ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്.