
മുംബൈ: ബ്രോക്കറേജ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഓഹരി നേട്ടമുണ്ടാക്കി. 0.42 ശതമാനം ഉയര്‍ന്ന് 2103.06 രൂപയിലായിരുന്നു വെള്ളിയാഴ്ച ക്ലോസിംഗ്. 12 മാസത്തെ സമയപരിധി നിശ്ചയിച്ച് 2600 ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശം.
2030 സാമ്പത്തിക വര്‍ഷത്തോടെ 26 ലോഞ്ചുകള്‍ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ നടത്തും. അതില്‍ ഏഴ് മുതല്‍ എട്ട് വരെ പുതിയ മോഡലുകള്‍ ഉള്‍പ്പെടുന്നു.
അടുത്ത 18 മാസത്തിനുള്ളില്‍ പുതിയ കോംപാക്റ്റ് എസ്യുവി, മൈക്രോ ഇ-എസ്യുവി, ഒന്നിലധികം പുതുക്കിയ മോഡലുകള്‍ എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നലോഞ്ചുകള്‍. 2028 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ ആഭ്യന്തര വിപണി വിഹിതം 15 ശതമാനത്തിലേയ്ക്കുയരാന്‍ ഈ ലോഞ്ചുകള്‍ കാരണമാകുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ഓട്ടോ കമ്പനിയുടെ വിജയ നിരക്ക്, അതായത് നാല് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്ന വികസന ചെലവ് വീണ്ടെടുക്കാനുള്ള കഴിവ്, വ്യവസായത്തിലെ ഏറ്റവും മികച്ച 100 ശതമാനം ആണ്. കൂടാതെ, സണ്‍റൂഫുകള്‍, അഡാസ്, ഓട്ടോമാറ്റിക്‌സ് എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍, എസ്യുവികളുടെയും പ്രീമിയവല്‍ക്കരണത്തിന്റെയും മികച്ച വിഹിതത്തില്‍ നിന്ന് ഹ്യൂണ്ടായി നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.