
ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം 2025 സാമ്പത്തികവര്‍ഷത്തില്‍ ദശാബ്ദത്തെ താഴ്ന്ന നിലയിലെത്തി. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് പ്രകാരം 2.3 ശതമാനമാണ് എന്‍പിഎ അനുപാതം.
0.5 ശതമാനത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം സ്വപ്‌നസമാനമാണ്. കിട്ടാക്കടം വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്ന ഒരു ദശാബ്ദം മുന്‍പുള്ള അവസ്ഥയില്‍ നിന്നുള്ള മികച്ച പുരോഗതി. അതേസമയം നിലവിലെ സാഹചര്യത്തില്‍ മൊത്തം എന്‍പിഎ 2027 അവസാനത്തോടെ 2.5 ശതമാനമാകുമെന്ന് ആര്‍ബിഐ സ്‌ട്രെസ് ടെസ്റ്റ് വെളിപെടുത്തുന്നു.
പ്രതികൂല മാക്രോ ഇക്കണോമിക് ആഘാതങ്ങള്‍ ഇത് 5.3 ശതമാനം വരെ ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 11 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന 2018 ലെ ഇരുണ്ട ദിനങ്ങളില്‍ നിന്ന് ബാങ്കിംഗ് മേഖല തിരിച്ചുവന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
എഴുതിത്തള്ളല്‍, പുനഃസംഘടന, മികച്ച ക്രെഡിറ്റ് അച്ചടക്കം എന്നീ നടപടികളാണ് സ്ഥിതി മെച്ചപ്പെടുത്തിയത്. സ്വകാര്യ, വിദേശ ബാങ്കുകളുടെ എഴുതിതള്ളലുകളാണ് ഇക്കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിച്ചത്.
2024-25 സാമ്പത്തികവര്‍ഷത്തിലെ മൊത്തം എന്‍പിഎ കുറവിന്റെ 31.8 ശതമാനവും സ്വകാര്യമേഖലയുടെ സംഭാവനയാണ്. മുന്‍വര്‍ഷത്തില്‍ ഇത് 29.5 ശതമാനം മാത്രമായിരുന്നു.
പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം ഈ നിലയില്‍ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍? ക്രെഡിറ്റ് വിലയിരുത്തല്‍ ശക്തിപ്പെടുത്തുക, വിപണിയിലെ അപകടസാധ്യതകളെ മറികടക്കുക, പൊതുമേഖലാ ബാങ്കുകള്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയെല്ലാം എന്‍പിഎ കുറയ്ക്കുന്നതില്‍ തുടര്‍ന്നും നിര്‍ണ്ണായകമാകും.