
മുംബൈ: ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ 35 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികളെ തുണച്ചു. ചൊവ്വാഴ്ച തുടക്കത്തില്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഹരികള്‍ 7.8 ശതമാനവും കെപിആര്‍ മില്‍സ് ഓഹരികള്‍ 2 ശതമാനവും വര്‍ദ്ധമാന്‍ ടെക്‌സ്‌റ്റൈല്‍ ഓഹരികള്‍ 7.4 ശതമാനവും വെല്‍സ്പണ്‍ ലിവിംഗ് ഓഹരികള്‍ രണ്ട് ശതമാനവുമാണുയര്‍ന്നത്.
കൂടാതെ അലോക് ഇന്‍ഡസ്ട്രീസ് ഓഹരികളും റെയ്മണ്ട് ഓഹരികളും വലിയ നേട്ടമുണ്ടാക്കി. യുഎസ് റെഡി മെയ്ഡ് വസ്ത്ര വിപണിയുടെ 19 ശതമാനവും സംഭാവന ചെയ്യുന്നത് വിയറ്റ്‌നാമാണ്. ബംഗ്ലാദേശ് 9 ശതമാനവും ഇന്ത്യ ആറ് ശതമാനവും കൈയ്യാളുന്നു. ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ചുമത്തിയ 35 ശതമാനം ഏപ്രിലില്‍ ഏര്‍പ്പെടുത്തിയതിനേക്കാള്‍ കുറവാണെങ്കിലും നേരത്തെയുണ്ടായിരുന്ന 10 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.
തീരുവ പ്രാബല്യത്തില്‍ വരുന്നത് ഓഗസ്റ്റ് 1 നാണെന്നിരിക്കെ തീരുവ കുറയ്ക്കന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും. ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ-25 ശതമാനം, ഇന്തോനേഷ്യ-32 ശതമാനം, ബംഗ്ലാദേശ്-35 ശതമാനം, തായ് ലന്റ്-36 ശതമാനം മ്യാന്‍മാര്‍-40 ശതമാനം എന്നിങ്ങനെയാണ് ട്രമ്പ് തിങ്കളാഴ്ച ചുമത്തിയ ഇറക്കുമതി തീരുവകള്‍.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ട്രമ്പ് അറിയിച്ചിട്ടുണ്ട്.