
ന്യൂഡല്‍ഹി: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി 45000 കോടി രൂപ സമാഹരിക്കാനൊരുങ്ങുകയാണ് രാജ്യത്തെ മുന്‍നിര പൊതുമേഖല ബാങ്കുകള്‍. റോയിട്ടേഴ്‌സാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ 25000 കോടി രൂപ ക്യുഐപിയും ഉള്‍പ്പെടുന്നു. ഇതിന് മുന്‍പ് ജൂണ്‍ 2017 ലാണ് എസ്ബിഐ ക്യുഐപി നടത്തുന്നത്. 15,000 കോടി രൂപയാണ് ബാങ്ക് മുന്‍നിര നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ചത്.
522 ദശലക്ഷം ഓഹരികള്‍ ബാങ്ക് അന്ന് വില്‍പന നടത്തി. ഇതിന് പുറമെ യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ ഇക്വിറ്റി മാര്‍ക്കറ്റ് വിറ്റഴിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.
മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദേശ സ്ഥാപന നിക്ഷേപകര്‍ തുടങ്ങിയ തിരഞ്ഞെടുത്ത ഒരു കൂട്ടം സ്ഥാപന നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികള്‍ (സാധാരണയായി ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ കണ്‍വേര്‍ട്ടിബിള്‍ സെക്യൂരിറ്റികള്‍) നല്‍കി മൂലധനം സമാഹരിക്കുന്ന രീതിയാണ് ക്യുഐപി.