
വാഷിങ്ടണ്‍: ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25% ഇറക്കുമതി തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇരു രാജ്യങ്ങള്‍ക്കും കത്തുകളയച്ചു. ഇപ്പോള്‍ ചുമത്തിയ തീരുവ വളരെ കുറവാണെന്നും വ്യാപാര കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും ട്രമ്പ് കത്തില്‍ വ്യക്തമാക്കുന്നു.
മലേഷ്യ-25 ശതമാനം, ഇന്തോനേഷ്യ-32 ശതമാനം, ബംഗ്ലാദേശ്-35 ശതമാനം, തായ് ലന്റ്-36 ശതമാനം മ്യാന്‍മാര്‍-40 ശതമാനം എന്നീ രാജ്യങ്ങള്‍ക്ക് മേലും ട്രമ്പ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. വ്യാപാര ഉടമ്പടികള്‍ ഒപ്പുവയ്ക്കാനുള്ള സമയപരിധി നീട്ടിയ ട്രമ്പ്, ചര്‍ച്ചകള്‍ പരാജയപ്പെടുന്ന പക്ഷം
കൂടുതല്‍ നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.
ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങള്‍ക്കെതിരായ ഇറക്കുമതി തീരുവ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഈ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിച്ച് തീരുവ ചുമത്തുന്ന പക്ഷം വ്യാപാരയുദ്ധം രൂക്ഷമാകുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
ട്രമ്പിന്റെ നടപടിയെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ കൂപ്പുകുത്തി. എസ് ആന്റ് പി 500 0.8 ശതമാനവും ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.9 ശതമാനവും നസ്ദാഖ് കോമ്പസിറ്റ് 0.9 ശതമാനവുമാണ് ഇടിവ് നേരിട്ടത്.
അതേസമയം ഏഷ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ഉണര്‍വ് പ്രകടമാക്കി.