
ന്യൂഡല്‍ഹി: ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രാനുമതി. ഇതുവഴി തങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം നേടാമെന്ന് സര്‍ക്കാര്‍ കരുതുന്നു. തീരുമാനം വന്നതിന് പുറകെ എല്‍ഐസി ഓഹരി 1.23 ശതമാനം ഇടിവ് നേരിട്ടു.
നിലവില്‍ 934.35 രൂപയിലാണ് ഓഹരി വ്യാപാരത്തിലുള്ളത്. നിലവില്‍ 96.5 ശതമാനം പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാറിന് എല്‍ഐസിയിലുള്ളത്. അവശേഷിക്കുന്നത് പൊതു ഓഹരിയുടമകളും കൈയ്യാളുന്നു. കമ്പനിയുടെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയാണെന്നിരിക്കെ ഒരു ശതമാനം ഓഹരി വില്‍പനകൊണ്ടുതന്നെ ഏകദേശം 6000 കോടി രൂപ നേടാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കും.
യാഥാര്‍ത്ഥ്യമാകുന്ന പക്ഷം, കേന്ദ്രസര്‍ക്കാറിന്റെ ഓഹരിവില്‍ക്കല്‍ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നടക്കുന്ന പ്രധാന ഇടപാടാകും ഇത്.വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയിലെ തങ്ങളുടെ 6.5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പലഘട്ടങ്ങളായിട്ടായിരിക്കും വില്‍പന. 2025 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍ എല്‍ഐസി രേഖപ്പെടുത്തിയത് 19103 കോടി രൂപയുടെ അറ്റാദായമാണ്. ് തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 38 ശതമാനം കൂടുതല്‍. വരുമാനം പക്ഷെ 241625 കോടി രൂപയായികുറഞ്ഞു. ഓഹരിയൊന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായി.