
ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കല്‍ ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനായി സാമ്പത്തിക ബിഡ്ഡുകള്‍ ഉടന്‍ ക്ഷണിക്കും.
ജൂലൈ 9 ന് ചേര്‍ന്ന ഓഹരിവിറ്റഴിക്കലിനായുള്ള ഇന്റര്‍-മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐഎംജി) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ഇടപാടിന്റെ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (എസ്പിഎ) യോഗം ചര്‍ച്ച ചെയ്തു.
ഓഹരികള്‍ വിറ്റഴിക്കുന്നതിനാവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍, മാനേജ്‌മെന്റ് പരിവര്‍ത്തനം, നഷ്ടപരിഹാരങ്ങള്‍, ഏറ്റെടുക്കലിനു ശേഷമുള്ള ലേലക്കാരുടെ ബാധ്യതകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ക്ലോസുകളാണ് എസ്പിഎയിലുള്ളത്.
തീരുമാനം ഉന്നതാധികാരികളുടെ അനുമതിയ്ക്കായി അയച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറീസ് കോര്‍ ഗ്രൂപ്പ് ഓണ്‍ ഇന്‍വെസ്റ്റ്മെന്റും (സിജിഡി) മന്ത്രിതല പാനലും ഇനി ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും.