
ന്യൂഡല്‍ഹി: 2025 സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരിക്കയാണ് ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ഐഡിബിഐ).
4,811 കോടി രൂപയാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടൂതല്‍.
മൊത്തം വരുമാനം 38,511 കോടി രൂപ കവിഞ്ഞപ്പോള്‍ ലോണ്‍ ബുക്ക് 4.96 ലക്ഷം കോടി രൂപയായി. ലാഭത്തിലും വായ്പയിലും ബാങ്ക് സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
അനുബന്ധ സ്ഥാപനങ്ങളായ മുദ്ര, സിഡ്ബി വെഞ്ച്വര്‍ കാപിറ്റല്‍ എന്നിവയുടേതുള്‍പ്പടെ ബാങ്കിന്റെ അറ്റാദായം 5596 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. മൊത്തം വരുമാനം 19 ശതമാനം വര്‍ധിച്ച് 40,753 കോടി രൂപ.
ബാങ്കിന്റെ മൊത്തം നോണ്‍പെര്‍ഫോര്‍മിംഗ് അസറ്റ് ( എന്‍പിഎ) അഥവാ കിട്ടാകടം മൊത്തം വായ്പയുടെ 0.04 ശതമാനം മാത്രമായതും
നെറ്റ് എന്‍പിഎ പൂജ്യമായതും ശ്രദ്ധേയമാണ്. ഉയര്‍ന്ന നഷ്ടസാധ്യതയുള്ള മേഖലയായാണ് എംഎസ്എംഇ ധനസഹായം വിലയിരുത്തപ്പടുന്നത്.
ചെറുകിട ബിസിനസുകള്‍ക്ക് വലിയ തോതില്‍ നേരിട്ട് വായ്പ നല്‍കുന്ന ബാങ്കല്ല സിഡ്ബി. പകരം, ബാങ്ക് ഒരു റീഫിനാന്‍സിംഗ് സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു, ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍,മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഫണ്ട് നല്‍കുകയാണ് ഇത് ചെയ്യുന്നത്.