
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മോശം പ്രകടനം കാഴ്ചവച്ചു. അറ്റാദായം, പ്രവര്‍ത്തന മാര്‍ജിന്‍, ഇടപാട് വിജയങ്ങള്‍ എന്നിവ ശക്തമായിരുന്നുവെങ്കിലും, മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള മാനേജ്മെന്റിന്റെ വീക്ഷണം കാരണം കമ്പനി ഓഹരികള്‍ ഏകദേശം 3.5 ശതമാനം ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം മറ്റ് ഐടി ഓഹരികളിലും അനുഭവപ്പെട്ടു.
അതേസമയം സാമ്പത്തികവര്‍ഷം 2026 കമ്പനിയെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്ന് സിഇഒ കെ കൃതിവാസന്‍ ആണയിടുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് സോവറിന്‍ ക്ലൗഡ് അനിവാര്യമായിരിക്കുമെന്നും ടിസിഎസ് സോവറിന്‍ എഐ, ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി ഓഫറുകള്‍ വളരെ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാഎഐ മിഷനിലേയും മറ്റ് പ്രോഗ്രാമുകളിലേയും ഇന്ത്യന്‍ സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപങ്ങള്‍ നേടാന്‍ ഇതുവഴി കമ്പനിയ്ക്കാകും.
എംഇഎ (മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) അല്ലെങ്കില്‍ എപിഎഎസി (ഏഷ്യ പസഫിക്) അല്ലെങ്കില്‍ ലാറ്റിന്‍ അമേരിക്ക എന്നിങ്ങനെ വളര്‍ന്നുവരുന്ന വിപണികളില്‍ തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും വരുമാനം വൈവിധ്യവത്ക്കരിക്കാന്‍ ഇത് സഹായകരമാകുമെന്നും കൃതിവാസന്‍ പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിലെ അന്താരാഷ്ട്ര വരുമാനം മികച്ചതായിരിക്കുമെന്നും അനിശ്ചിതത്വം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.