
ന്യൂഡല്‍ഹി: 2022 ജൂലൈയില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 31.02 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഉയര്‍ച്ച കൈവരിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയം ഓഗസ്റ്റ് 2 ന് അറിയിച്ചതാണ് ഇത്. ജൂണില്‍ രേഖപ്പെടുത്തിയ 26.18 ബില്ല്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ് ഉയരം.
2021 ജൂലൈയില്‍ വ്യാപാര കമ്മി 10.63 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. സ്റ്റീല്‍, പെട്രോളിയം, ഗോതമ്പ് കയറ്റുമതി കേന്ദ്രം നിയന്ത്രിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം വ്യാപാര കമ്മി ഉയര്‍ന്നത്. റഷ്യ, ശ്രീലങ്ക രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായതും കാരണമായി.
വിലകയറ്റം പിടിച്ചുനിര്‍ത്താനാണ് ജൂലൈയില്‍ ചരക്കുകളുടെ കയറ്റുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തത്. അതേസമയം യുദ്ധാനന്തര ഉപരോധത്തിലും കടപ്രതിസന്ധിയിലും പെട്ട് നട്ടം തിരിയുകയാണ് റഷ്യയും ശ്രീലങ്കയും. രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ ആരംഭിച്ചാല്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പുന: സ്ഥാപിക്കാനാകുമെന്ന വിശ്വാസമാണ് വാണിജ്യമന്ത്രാലയത്തിനുള്ളത്.
രൂപയിലുള്ള ഇടപാടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇതിനോടകം ലഭ്യമായിട്ടുണ്ടെന്നും വാണിജ്യമന്ത്രാലയം അറിയിക്കുന്നു. ജൂലൈയില്‍ ഇന്ത്യയുടെ വ്യാപാര ചരക്ക് കയറ്റുമതി 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇറക്കുമതി ഉയര്‍ന്നു. ഇലക്ട്രോണിക് ചരക്കുകള്‍, അരി എന്നിവയുടെ കയറ്റുമതി ജൂലൈയില്‍ യഥാക്രമം 46 ശതമാനം, 30 ശതമാനം വളര്‍ന്നത് ആശാസകരമായി.
1.82 ബില്ല്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളും 0.93 ബില്ല്യണ്‍ ഡോളറിന്റെ അരിയുമാണ് കഴിഞ്ഞമാസം രാജ്യം കയറ്റുമതി ചെയ്തത്. ഇറക്കുമതി ജൂലൈയില്‍ അതേസമയം 70 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി. 21.13 ബില്ല്യണ്‍ ഡോളറിന്റെ ചരക്കുകളാണ് ജുലൈയില്‍ രാജ്യം ഇറക്കുമതി ചെയ്തത്. പെട്രോളിയം ഉത്പന്നങ്ങളോടൊപ്പം 5.18 ബില്ല്യണ്‍ ഡോളറിന്റെ കല്‍ക്കരി കൂടി രാജ്യം വിദേശത്തുനിന്നും വരുത്തി.
ഏപ്രില്‍-ജൂലൈ കാലയളവിലെ മൊത്തം വ്യാപാരകമ്മി നിലവില്‍ 100.01 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികവര്‍ഷം 2022 നേക്കാള്‍ 42.07 ബില്ല്യണ്‍ കൂടുതലാണ് ഇത്. എന്നാല്‍, 2023 സാമ്പത്തികവര്‍ഷം രാജ്യം 500 ബില്ല്യണ്‍ ഡോളര്‍ കയറ്റുമതിലക്ഷ്യം കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വാണിജ്യ സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യത്തിനുള്ളത്.