
മുംബൈ: മദ്യ ഇറക്കുമതിക്കാരായ മോണിക്ക അല്‍കോബെവിന്റെ 165.6 കോടി രൂപ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അടുത്തയാഴ്ച ആരംഭിക്കും. നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 15 നും മറ്റ് നിക്ഷേപകര്‍ക്ക് ജൂലൈ 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലും ഓഹരികള്‍ സബസ്ക്രൈബ് ചെയ്യാവുന്നതാണ്.
അലോട്ട്മെന്റുകള്‍ ജൂലൈ 21 നകം തീര്‍പ്പാക്കും. ഓഹരികളിലെ വ്യാപാരം ജൂലൈ 23 മുതലാണ് തുടങ്ങുക. 271-286 രൂപയാണ് പ്രൈസ്ബാന്റ്.
47.91 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 28.6 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി കമ്പനി ഓഹരിയുടമ ദേവന് മഹേന്ദ്രകുമാര്‍ ഷാ തന്റെ ഓഹരികള്‍ വിറ്റഴിക്കുന്നു.
ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ എസ്എംഇ ഐപിഒയാണ് മോണിക്ക അല്കോബെവിന്റെത്. സെയ്ഫ് എന്റര്‍പ്രൈസസ് റീട്ടെയ്ല്‍ ഫിക്സ്ചേഴ്സ്, കാപിറ്റല്‍ നമ്പേഴ്സ് എന്നിവ 169 കോടി രൂപയുടെ ഐപിഒകള്‍ ഇതിനോടകം നടത്തി.
പ്രീമിയം, ആഡംബര ലഹരിപാനീയങ്ങള്‍ (ജോസ് ക്യൂര്‍വോ-ടെക്വില, ബുഷ്മില്‍സ്-ഐറിഷ് വിസ്കി, റെമി മാര്ട്ടിന്-കോഗ്നാക്, കോയിന്റ്രോ-ലിക്കര്‍, ചോയ-ലിക്കര്‍, ബെലെന്കയ-വോഡ്ക ) എന്നിവയാണ് മോണിക്ക അല്കോബെവ് വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങള്‍. 70-ലധികം പ്രശസ്ത ആഗോള ബ്രാന്‍ഡുകളുടെ ഇന്ത്യയിലേയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയും എക്സ്ക്ലൂസീവ് വില്‍പ്പന അവകാശങ്ങള്‍ കമ്പനിയ്ക്കാണ്.