
മുംബൈ: ഇന്ത്യ കേന്ദ്രീകൃത ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള പണമൊഴുക്ക് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും തുടര്‍ന്നു. 18 മില്യണ്‍ ഡോളറിന്റെ ഫണ്ട് പിന്‍വലിക്കലിനാണ് ജൂലൈ 11 ന് അവസാനിച്ച ആഴ്ചയില്‍ ഈ ഫണ്ടുകള്‍ വിധേയമായത്. അതേസമയം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്ക് തുടര്‍ന്നു.
ഗ്ലോബല്‍ അലോക്കേഷന്‍ ഫണ്ടുകള്‍ വഴി 500 മില്യണ്‍ ഡോളറാണ് ഈ ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലേയ്‌ക്കെത്തിയത്. എമേര്‍ജിംഗ് മാര്‍ക്കറ്റ് ഫണ്ടു (ഇഎം) കള്‍ അതേസമയം 3 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു. ഇഎം ഫണ്ടുകളിലേയ്ക്കുള്ള ഏഴ് ആഴ്ചകളിലെ മൊത്തം ഒഴുക്ക് 10.4 ബില്യണ്‍ ഡോളറാണ്.
ഇതില്‍ ഐഷെയര്‍ കോര്‍ ഇഎം ഫണ്ടിലേയ്ക്ക് മൊത്തം തുകയുടെ 32 ശതമാനമെത്തി. ഇഎം ലോംഗ്-ഓണ്‌ലി ഫണ്ടുകള്‍ നാലാഴ്ച്ക്കുള്ളില്‍ 590 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഇത് 2023 ഏപ്രിലിന് ശേഷമുള്ള മികച്ച പ്രകടനമാണ്.
വ്യക്തിഗത ഇഎമ്മുകളില്‍, 578 മില്യണ്‍ ഡോളര്‍ നിക്ഷേപ പ്രവാഹവുമായി തായ്വാനാണ് മുന്നില്‍. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയ (457 മില്യണ്‍ ഡോളര്‍), ബ്രസീല്‍ (400 മില്യണ്‍ ഡോളര്‍) എന്നിവയുണ്ട്. 2.3 ബില്യണ്‍ ഡോളര്‍ നിക്ഷേപ പ്രവാഹവുമായി ചൈനയും ശക്തമായ മുന്നേറ്റം തുടര്‍ന്നു.
ആഗോള നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലെ എക്‌സപോഷ്വര് 510 മില്യണ്‍ ഡോളറായി കുറയുന്നതിനും ഈ ആഴ്ച സാക്ഷിയായി. അതേസമയം ബോണ്ട് ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്ക് പതിനൊന്നാമത്തെ ആഴ്ചയും വര്‍ധിച്ചു.