13 Oct 2019
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം. എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിങ്ങനെ മൂന്ന് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് നിലനിറുത്തുമെന്ന് സർവേ പറയുന്നു. അരൂർ ഇടതു മുന്നണിക്കൊപ്പം തുടരും. കോന്നിയിൽ ശക്തമായ ത്രികോണ മത്സരത്തിൽ നേരിയ മേൽക്കൈ ഇടതിനാണെന്നും സർവേ പറയുന്നു.
എറണാകുളത്ത് യുഡിഎഫ് ആധികാരിക ജയം നേടും. എന്നാൽ ഭൂരിപക്ഷം കുറയും. വട്ടിയൂർക്കാവ് കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫിലേക്ക് തന്നെ ചായും. മഞ്ചേശ്വരത്തും യുഡിഎഫ് മികച്ച വിജയം നേടും. എ. എം. ആരിഫിന്റെ ഭൂരിപക്ഷം നിലനിർത്താൻ കഴിയില്ലെങ്കിലും
അരൂർ ഇടതുപക്ഷം നിലനിർത്തുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ
'മൂഡ് ഓഫ് ദ്
സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് ന്യൂ ഏജ് പുറത്തു വിട്ടത്. ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ, സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചത്.
സംസ്ഥാനത്ത പ്രമുഖ പൊളിറ്റിക്കൽ റിസർച്ച് & അനാലിസിസ് ഏജൻസികളിൽ ഒന്നാണ് ഐക്കൺ ഇന്ത്യ. മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ദേശീയ ഏജൻസികൾ എന്നിവയ്ക്കായി നിരവധി സർവേകളും, ഫീൽഡ് പഠനങ്ങളും ഐക്കൺ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിലെ ഫലങ്ങൾ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു.
ത്രികോണമത്സരം ശക്തമാവുന്ന വട്ടിയൂർക്കാവിൽ ജാതി സമവാക്യങ്ങളാകും വിധി നിശ്ചയിക്കുകയെന്നാണ് സൂചനകൾ. വി. കെ. പ്രശാന്തിന്റെ ജനകീയപരിവേഷം മുതലാക്കി എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണം നിറയ്ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വിജയമാണ് സർവേ പ്രവചിക്കുന്നത്.
ത്രികോണമത്സരം ശക്തമായ കോന്നിയിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കമുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ വിജയത്തെ ബാധിക്കുമെന്നാണ് സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രഭാവം മങ്ങുന്ന സൂചനകളാണ് സർവേ നൽകുന്നത്.