26 Mar 2019
ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: രാജ്യത്തെ 5 കോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയ 'ന്യായ്' പദ്ധതി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊളിറ്റിക്കല്‍ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്ന് വിലയിരുത്തല്‍. കേരളത്തിലെ പകുതിയോളം ലോക്സഭാമണ്ഡലങ്ങളില് 'ന്യായ്' പ്രധാന പ്രചാരണ വിഷയമായി മാറുമെന്നും മൂന്ന് ലോക്സഭാമണ്ഡലങ്ങളിലെ വോട്ട് നിലയെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇടുക്കി, വയനാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ 'ന്യായ്' പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം സ്വാധീനം ചെലുത്തും. ഇടുക്കി, ആലത്തൂര്‍ സീറ്റുകളില്‍ ഇത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുമെന്നും വിലയിരുത്തലുണ്ട്. സ്വകാര്യ രാഷ്ട്രീയ വാർത്താ ഏജൻസിയായ പൊളിറ്റിക്കൽ ഫീഡിന്റേതാണ് സുപ്രധാനമായ വെളിപ്പെടുത്തൽ.
ന്യായ് പദ്ധതി കൊണ്ടു വരുന്നതിന്റെ പേരില്‍ മറ്റൊരു പദ്ധതിയും റദ്ദാക്കില്ലെന്നും സബ്സിഡികള്‍ വെട്ടി കുറയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പണം കുടുംബ നാഥയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. അതേസമയം നിലവിലെ സബ്സിഡികള്‍ വെട്ടിക്കുറക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു പദ്ധതിയെ വിമർശിക്കുന്ന സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
12,000 രൂപയില്‍ താഴെ മാസ വരുമാനമുള്ള രാജ്യത്തെ 5 കോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72000 രൂപ വീതം ഉറപ്പാക്കുമെന്നതാണ് 'ന്യായ്' പദ്ധതിയുടെ കാതല്‍. ദക്ഷിണേന്ത്യന്‍ മേഖലയിലും രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പ്രഖ്യാപനം സ്വാധീനം ചെലുത്തുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു.