EDITORIAL

തുടരണം മഹാമാരികള്‍ ക്കെതിരെ ജാഗ്രത...... - ന്യൂഏജ് എഡിറ്റോറിയൽ

Newage News

04 May 2021

ലോകം ഇന്ന് കോവിഡ് മഹാമാരിയും അതുളവാക്കുന്ന കഷ്ടതകളും മൂലം വലിയ സങ്കീര്‍ണതകള്‍ നേരിടുന്നുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വ്യാപനത്തിനെ അതിജീവിക്കാനുള്ള കഠിന യത്‌നങ്ങളില്‍ ആണ് നമ്മുടെ രാജ്യവും. ഇത്തരം   മഹാമാരിക്ള്‍ ക്കെതിരെ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനേം ഗെബ്രിയോസിസ് അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കേണ്ടതി ന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകത മനുഷ്യന്റെ ആരോഗ്യജീവിതത്തിന് പ്രധാനമാണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഈ കോവിഡ് കാലത്ത് നിന്നും വളരെ വ്യത്യസ്തമായ ചില പാഠങ്ങള്‍ പഠിക്കേണ്ടതിന്റെ  ആവശ്യകതയും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഈ മഹാമാരികളെ പ്രതിരോധിക്കാന്‍  തീവ്രശ്രമവും ഭാരിച്ച ധനവ്യയവും രാജ്യങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഈ പ്രതിരോധം അവസാനിച്ചാല്‍ മറ്റൊരു മഹാമാരിയെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഗബ്രിയോസിസ്  പറയുന്നു. മറ്റൊരു മഹാമാരിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നില്ല എന്നത് വളരെ അപകടകരമായ കാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തെ കരുതലോടെപ്രതിരോധിക്കുന്നതില്‍ നമുക്ക് വീഴ്ചയുണ്ടായി എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. ഒന്നാംഘട്ട വ്യാപനത്തിനു ശേഷം ഒരു തീവ്ര വ്യാപനത്തെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ പരമാവധി ഒരുക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചു എന്ന് തന്നെയാണ് കരുതുന്നത്. രാജ്യത്ത് ഓക്‌സിജന്‍ ലഭ്യതയിലും ആശുപത്രി സൗകര്യങ്ങളിലും ഉണ്ടായ കുറവ് അത് വ്യക്തമാക്കുന്നു. നമ്മുടെ സംസ്ഥാനം ഇത്തരം കാര്യങ്ങളില്‍ നേടിയ മേല്‍കൈ ഇവിടെ പ്രധാനം തന്നെ യാണ്.

ഒരു പകര്‍ച്ചവ്യാധിയുടെ ആഘാതം രോഗത്തെ കവച്ചുവെക്കുന്ന ഇന്നത്തെ സവിശേഷ  സാഹചര്യത്തില്‍ ഉണ്ടാകുന്ന ഈ മുന്നറിയിപ്പ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. സാമൂഹിക, സാമ്പത്തിക  മേഖലകളില്‍ അത് ഉളവാക്കുന്ന സങ്കീര്‍ണതകളുടെ ആഴം ഇന്ന് അത്രമേല്‍  തിരിച്ചറിയപ്പെടുന്നുണ്ട്. നമ്മുടെ സംസ്ഥാനവും കോവിഡിനൊപ്പം മലമ്പനി, ഷിഗല്ല തുടങ്ങിയ മഹാമാരികള്‍ ക്കെതിരെ  അതീവ ജാഗ്രതയിലാണ്. നമ്മുടെ  ആരോഗ്യ സംവിധാനങ്ങളുടെ നിരന്തരമായ സജീവതക്കൊപ്പം സമൂഹത്തിന്റെ കരുതലും ഈ അവസരത്തില്‍ വളരെ പ്രധാനമാണ്.

പരിസ്ഥിതിസംരക്ഷണവും ശുചിത്വവും ആരോഗ്യ പരിരക്ഷയില്‍ പ്രധാനം തന്നെയെന്ന ചിന്തയാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നും ഉണ്ടാവുന്നത്. മനുഷ്യനും പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും ചേര്‍ന്ന സൗഹാര്‍ദ്ദപരമായ സഹജീവനമാണ്  ജീവിത ചൈതന്യത്തിന് ആധാരമായത്. സമ്പൂര്‍ണ്ണമായ ആയുരാരോഗ്യസൗഖ്യത്തിലേക്കാണ് അത് നമ്മെ  നയിക്കുക. അതോടൊപ്പം മഹാമാരികളെ കരുതലോടെ  പ്രതിരോധിക്കാനുള്ള ശക്തമായ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിയേണ്ടതും വരും കാലത്തിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ്.


ഭാവിയിലേക്കുള്ള സൂചന എന്ന നിലയില്‍ കാണണം - എബ്രഹാം കുര്യന്‍

കോവിഡ് മഹാമാരിയും മറ്റ് പലവിധ രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ നമുക്ക് ആവശ്യമാണ്. പ്രകൃതിയിലുണ്ടാകുന്ന ഓരോ ചലനങ്ങളും മാറ്റങ്ങളും ചില സൂചനകളാണ്. രോഗം വരുത്തുന്ന നഷ്ടത്തിന്റ് അളവു മാത്രമല്ല കണക്കാക്കേണ്ടത് . ഇവയൊക്കെ ഭാവിയിലേക്കുള്ള സൂചനകളായി തന്നെ കണക്കാക്കണം.

ഇനിയും വന്നേക്കാവുന്ന വിപത്തുകള്‍ക്കെതിരെ മുന്നൊരുക്കം  ആവശ്യമാണ് എന്ന സൂചനയാണ് നല്‍കുന്നത്. പ്രതിസന്ധി മാത്രമല്ല, പ്രതിരോധം ശക്തമാക്കാന്‍ വേണ്ട മുന്നറിയിപ്പായി ഇതിനെ കാണാം. സ്വാഭാവികമായും ഇനി വരാനിരിക്കുന്ന വിപത്തുകളെ ഒക്കെ ആഴത്തില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിയണം. അതിന് ഒരു വാക്‌സിന്‍ മാത്രമല്ല, പല തലങ്ങളിലുള്ള പ്രതിരോധം ഉണ്ടാകണം. മഹാമാരിയെ വേരോടെ പിഴുതു മാറ്റാന്‍ അത് ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും വികസനത്തിന്റെയും ഒക്കെ തിരിച്ചടികളാണ് വരുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതിസൗഹൃദ വികസനമാണ് ഉണ്ടാവേണ്ടത്. നമ്മുടെ തദ്ദേശഭരണ സംവിധാനങ്ങള്‍ക്കും മറ്റും അതില്‍ കൂടുതല്‍ ശ്രദ്ധ ഇനി ഉണ്ടാവണം. പ്രതിരോധത്തില്‍ മാനസിക-ശാരീരിക ആരോഗ്യ ജീവിതത്തെ സമഗ്രമായി കണക്കിലെടുത്തുള്ള സംവിധാനമാണ് ഉണ്ടാവേണ്ടത് . നമ്മുടെ ഭാവി തലമുറകള്‍ക്കായി നമ്മള്‍ കൂടുതല്‍ സജ്ജമാവുകയാണ് ഇനി വേണ്ടത്.

(ലൈഫ് ട്രീ ഫൗണ്ടേഷന്‍ ഡയറക്ടറും സാമൂഹിക നിരീക്ഷകനുമാണ്)


പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയപ്പെടണം - ഡോ. എം മുരളീധരന്‍

മനുഷ്യചരിത്രത്തില്‍ മനുഷ്യന്റെ ഉത്ഭവ കാലം മുതല്‍ തന്നെ സ്ഥിരമായി രോഗപീഡകളും വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ പ്രകൃതിയില്‍ നിന്നുതന്നെ വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്പാനിഷ് ഫ്‌ലൂ,  ഇപ്പോള്‍ കോവിടും ഉണ്ടായിരിക്കുന്നു. ഇത്തരം രോഗങ്ങള്‍ തുടര്‍ച്ചയായി വെല്ലുവിളി ഉയര്‍ത്തുകയാണ്.

സ്പാനിഷ് ഫ്‌ലൂ എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് തിരിച്ചറിയുന്നത് ഒരു നൂറ്റാണ്ടിനു ശേഷമാണ്. എന്നാല്‍ കോവിഡ് ഉല്‍ഭവിച്ച് ഒരാഴ്ചയ്ക്കകം തന്നെ അതിന്റെ ജനിതകഘടന ഡീകോഡ് ചെയ്യപ്പെട്ടു. ഇപ്പോള്‍ പ്രതിരോധ വാക്‌സിനും എത്തിയിരിക്കുന്നു. നിപ്പാ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് നല്ല രീതിയില്‍ നമ്മള്‍ പ്രതിരോധിച്ചു. ഇപ്പോള്‍ കോവിട് വ്യാപനം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇത് നമുക്ക് മുന്‍ പരിചയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണ്. മരുന്നുകള്‍ക്ക് ഉപരിയായി പ്രതിരോധിക്കുകയാണ് പ്രായോഗികം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പെടെയുള്ള നോണ്‍ഫാര്‍മക്കോളജി ഇന്റര്‍ വെന്‍ഷന്‍ ആണ് പ്രധാനം. അത് വലിയ പ്രയോജനം ചെയ്യുന്നുണ്ട്. സ്പാനിഷ് ഫ്‌ലൂ വിന്റെ കാലത്ത് 50 ലക്ഷം പേരാണ്  ആ രോഗബാധയാല്‍ മരിച്ചത്. ഇപ്പോള്‍ നമുക്ക് അത് നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുന്നുണ്ട്. ജനിതക മാറ്റം വന്ന വൈറസ് വ്യാപനമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. വൈറസിനെതിരെ മുന്‍കൂട്ടി വാക്‌സിന്‍ തയ്യാറാക്കാന്‍ നമുക്ക് സാധിക്കില്ല. രോഗം വന്നതിനുശേഷമാണ് മോഡേണ്‍ മെഡിസിനില്‍ വാക്‌സിന്‍ കണ്ടെത്തുക.

കോവിഡിനെ ആദ്യഘട്ടത്തില്‍ തന്നെ ഡീകോഡ് ചെയ്യയ്യുകയും ഒരുവര്‍ഷത്തിനകം വാക്‌സിന്‍ കണ്ടെത്തുകയും ചെയ്തു. ഇനി ഇതില്‍ പാരിസ്ഥിതികമായ പ്രാധാന്യം തിരിച്ചറിയപ്പെടണം. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ള പ്രാധാന്യവും തിരിച്ചറിയണം. ഭൂമിയില്‍ ഓരോ ജീവികള്‍ക്കും ഉള്ള അവകാശം തിരിച്ചറിഞ്ഞുള്ള ജീവിതമാണ് ലോകത്തിന്റെ നിലനില്‍പ്പിന് തന്നെ ആധാരം.

(ഐ എം എ യുടെ കേരള ഘടകം നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ആണ്)


ഇനി വെല്ലുവിളികള്‍ നിറഞ്ഞ കാലം, കരുതല്‍ ആവശ്യമാണ് - പ്രൊ. കെ അരവിന്ദാക്ഷന്‍

ലോകം കാലാവസ്ഥാ വ്യതിയാനത്തി ന്റെ തീവ്രതയിലൂടെയാണ് കടന്നുപോകുന്നത്. പലതരം പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സംഭവിക്കുന്നുണ്ട്. അതിവര്‍ഷവും പ്രളയവും വരള്‍ച്ചയും എല്ലാം അതിന്റെ ഫലമായി ഉണ്ടാകുന്നു. എല്ലാം മനുഷ്യന്റെ ഭാഗത്ത് നിന്നുള്ള കടന്നുകയറ്റങ്ങളുടെ കൂടി ഫലമാ യാണ് സംഭവിക്കുന്നത്. പരിസ്ഥിതിയെ വിസ്മരിച്ചുളള പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിക്കുകയാണ്. ഇത് പുതിയതരം വൈറസുകള്‍ക്കും രോഗപീഡകള്‍ക്കും വഴിതെളിക്കുന്ന സാഹചര്യമാണ്.പാരിസ്ഥിതിക സന്തുലനം എന്നത് പ്രധാനമാണ്.

കോവിഡ് വൈറസ് ഉല്‍ഭവവും വ്യാപനവും സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. വവ്വാലുകള്‍ വഴി മനുഷ്യരിലേക്ക് എത്തി എന്ന് പറയുന്നു. അത് എത്രത്തോളം ശരി എന്നതില്‍ കൃത്യതയില്ല.ചൈനയിലെ വഹാനില്‍ നിന്ന് ഉത്ഭവിച്ചതെന്ന് പറയുന്ന വൈറസ്  ജനിതകവ്യതിയാനം വഴി കൂടുതല്‍ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന തരത്തില്‍ വൈറസ് ശക്തി പ്രാപിച്ചു. ഭാവിയിലും ഇത്തരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലം മുന്നിലുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ കരുതലും ജാഗ്രതയും ജീവിതത്തില്‍ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

(പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹിക നിരീക്ഷകനുമാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story