Capturing Business 360°

ആലപ്പാട് ഗ്രാമം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ – എഡിറ്റോറിയൽ

കൊല്ലം ജില്ലയിലെ തീരദേശഗ്രാമമായ ആലപ്പാട് ഇപ്പോള്‍ ഒരു പ്രക്ഷോഭത്തിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ്. കരുനാഗപ്പളളിക്കും ഓച്ചിറക്കും മധ്യേ തെക്ക് വെളളനാതുരുത്ത് മുതല്‍ വടക്ക് അഴീക്കല്‍ വരെ നീളുന്ന തീരം ധാതുസമ്പുഷ്ടമായ കരിമണല്‍ കൊണ്ട് സമൃദ്ധമാണ്. ഇല്‍മനൈറ്റും മോണോസൈറ്റുമടക്കമുളള വിശിഷ്ട ധാതുക്കളുടെ കലവറയാണ് ഇവിടം. സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ട സര്‍ സി പി രാമസ്വാമി അയ്യര്‍ക്ക് അന്ന് ബ്രട്ടീഷ് പാര്‍ലമെന്റില്‍ നിന്നുപോലും പിന്തുണ ലഭിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി കരിമണലായിരുന്നെന്നാണ് സൂചന.

1908 -ല്‍ ഹെര്‍ഷോം ബാര്‍ഡ് എന്ന ജര്‍മ്മന്‍ കെമിസ്റ്റ് തിരിച്ചറിഞ്ഞ ഈ അക്ഷയ ഖനിയില്‍ നിന്ന് മോണോസൈറ്റ് വേര്‍തിരിക്കാനായി 1910 – ല്‍ ചവറയില്‍ അദ്ദേഹം പ്ലാന്റ് സ്ഥാപിച്ചിരുന്നു. മറ്റു സ്ഥലങ്ങളിലില്ലാത്ത വൈശിഷ്ട്യം കേരളതീരത്തെ ധാതുമണലിനുണ്ടെന്ന തിരിച്ചറിവാണ് അതിനു പ്രേരണയായത്. ധാതുക്കള്‍ ഏറ്റവും ലാഭകരമായി ഖനനം ചെയ്യാവുന്ന മേഖലയെന്ന നിലയ്ക്കാണ് ഇവിടേക്ക് വന്‍കിടക്കാര്‍ എത്തുന്നത്. 1965 മുതല്‍ പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡിനാണ് ധാതുമണല്‍ ഖനനത്തിനുളള അനുമതി. നാളുകളായി തുടരുന്ന ഖനനം ഗ്രാമത്തിന്റെ നല്ലൊരു ഭാഗം കടലായി മാറ്റിയെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പാരിസ്ഥിതികാഘാതം കണക്കിലെടുക്കാതെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഐആര്‍ഇ ഖനനമെന്നാണ് ഖനനത്തിനെതിരെ സമരം നയിക്കുന്നവരുടെ വാദം. എന്നാല്‍ ഖനനത്തെ എതിര്‍ക്കുന്നവര്‍ സ്വകാര്യ ലോബിയുടെ ഇംഗിതത്തിനു വേണ്ടി നില്‍ക്കുകയാണെന്നും വ്യവസ്ഥകളനുസരിച്ചുളള ഖനനം തടയുകയാണ് സമരാനുകൂലികളുടെ ലക്ഷ്യമെന്നും മറുപക്ഷം പറയുന്നു. ഇവിടെ പ്രകൃതിവിഭവങ്ങള്‍ മനുഷ്യന്റെ നന്മയ്ക്കായി വിവേചനബുദ്ധ്യാ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും അത് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് മാറാതിരിക്കുകയെന്നതു സുപ്രധാനം തന്നെയാണ്.

ലോകത്ത് തന്നെ വിശിഷ്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ധാതുക്കളുടെ ശേഖരമുളള ഈ തീരപ്രദേശം അനധികൃത ഖനനത്തിലൂടെ കൊളളയടിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപം കാലങ്ങളായി നിലവിലുണ്ട്. പൊതുമേഖലയ്ക്ക് മാത്രമാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നതെങ്കിലും അതിന്റെ മറവില്‍ സംസ്ഥാനത്തും മറുനാട്ടിലുമുളള ചില സ്വകാര്യ കമ്പനികളാണ് മണല്‍ അനധികൃതമായി കടത്തുന്നതെന്നാണ് പ്രബലമായ ആക്ഷേപം. അതിനാല്‍ തന്നെ ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവെയ്ക്കണമെന്നാണ് പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെടുന്നത്.

1955 – ല്‍ ആലപ്പാടിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ നിലവില്‍ അത് 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. അയ്യായിരത്തോളം കുടുംബങ്ങള്‍ ഇവിടെ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിപ്പോയിരിക്കുന്നു. ശുദ്ധജലം കിട്ടാക്കനിയായിത്തീരുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കടലെടുത്തുപോയത്. വെളളനാതുരുത്ത് ഭാഗത്ത് കടലും കായലും ഒന്നിക്കാന്‍ അവശേഷിക്കുന്നത് ഇരുപതു മീറ്റര്‍ മാത്രം. ഈ സ്ഥിതി വിശേഷം ഖനനം മൂലം ഉണ്ടായതാണെന്ന് പറയുമ്പോള്‍ തന്നെ മറ്റ് കാരണങ്ങള്‍ അതിനു പിന്നിലുണ്ടോയെന്നതും പഠനവിധേയമാക്കണം. പ്രക്ഷോഭകര്‍ സ്വകാര്യ ലോബിക്കുവേണ്ടി നിലകൊളളുന്നവരാണെന്ന് അടച്ചാക്ഷേപിക്കുന്നവര്‍ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കരുത്. ജീവിക്കാനുളള ഭൂമി കണ്‍മുന്നില്‍ കടലെടുക്കുന്നവരുടെ ആശങ്കയ്ക്ക് വലിയ പരിഗണന ലഭിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങള്‍ വിവേചനബുദ്ധ്യാ ഉപയോഗിക്കുന്നതില്‍തെറ്റില്ല. അതിനോടൊപ്പം ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌നം താമസംവിനാ ശാശ്വതമായി പരിഹരിക്കുകയും വേണം.

ഇതില്‍ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം വേണം – എം.മുകേഷ്

ആലപ്പാട് തീരദേശത്തെ പ്രശ്‌നങ്ങള്‍ അവിടെയുണ്ടായ ഖനനവുമായി ബന്ധപ്പെട്ടാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ പഠനമുണ്ടാകണം. ഇത് ഖനനത്തില്‍ നിന്നു മാത്രമുണ്ടായ പ്രശ്‌നമാണോ, സ്വാഭാവികമായുണ്ടായ പ്രശ്‌നമാണോയെന്നതില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. പരിസ്ഥിതിയ്ക്ക് മുന്‍തൂക്കം നല്‍കിയുളള വികസനമുണ്ടാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുളളത്. പാരിസ്ഥിതിക സന്തുലനം മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണ്.

ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലയുറപ്പിച്ചിട്ടുളളത്. ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിക്കാറില്ല. ഇപ്പോള്‍ ആലപ്പാട് നടക്കുന്ന പ്രക്ഷോഭത്തിനൊപ്പമാണോയെന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. ഈ പ്രക്ഷോഭത്തിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ പല തരത്തില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എന്താണ് അവിടെ ഉണ്ടാകുന്നതെന്നത് പ്രധാനമാണ്. എന്റെ കോണ്‍സ്റ്റിറ്റുവന്‍സിയല്ലെങ്കില്‍ കൂടി ഈ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി വ്യക്തമായ പഠനമുണ്ടാവണമെന്നുതന്നെയാണ് അഭിപ്രായം.

(സിപിഎം നിയമസഭാംഗമാണ് ലേഖകന്‍)

എല്ലാ സര്‍ക്കാരുകളും ഈ ദുരന്തത്തിന് ഉത്തരവാദികളാണ് – സി.ആര്‍.നീലകണ്ഠന്‍

സംസ്ഥാനത്ത് ആലപ്പുഴ കൊല്ലം, ജില്ലകളുടെ തീരപ്രദേശങ്ങളില്‍ നടക്കുന്ന ധാതുമണല്‍ കൊളളയെക്കുറിച്ച് 2004 മുതല്‍ പഠനം നടത്തിയിരുന്നു. വലിയ ഒരു ദുരന്തത്തിലേക്ക് നാടിനെ എത്തിക്കുന്നതില്‍ മാറിമാറി വരുന്ന എല്ലാ സര്‍ക്കാരുകളും ഉത്തരവാദികളാണ്. അനധികൃതഖനനം മൂലം തീരദേശം ദുര്‍ബ്ബലമാക്കപ്പെടുന്നുണ്ട്. കഴിഞ്ഞ സുനാമിയില്‍ ആലപ്പാട് അടക്കമുളള പ്രദേശങ്ങള്‍ വലിയ ആഘാതമാണ് നേരിട്ടത്. ഇനി ആലപ്പാട് മാത്രമല്ല തീരപ്രദേശം മൊത്തത്തില്‍ വലിയ ദുരന്തത്തിലേക്കാണ് ചെന്നെത്തുന്നത്. ആലപ്പാട് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കടലെടുത്തു. ഇവിടെ പൊതുമേഖലയുടെ മറവില്‍ സ്വകാര്യ കമ്പനികള്‍ മണല്‍ കടത്തുകയാണ്. ഐആര്‍ഇ മുന്നില്‍ നില്‍ക്കുന്നെന്നു മാത്രം. ട്രക്കുകളില്‍ കടത്തുന്ന മണല്‍ ആരും തടയുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഇതിന്റെ പങ്ക് പറ്റുന്നുണ്ട്.

പൊതുമേഖലയായാലും സ്വകാര്യ മേഖലയായാലും പ്രശ്‌നം ഒന്നുതന്നെയാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ഇതിന്റെ ദുരിതം ഏറെയും ഏറ്റുവാങ്ങുന്നത്. ആലപ്പാട് നടക്കുന്ന പ്രക്ഷോഭം യുവാക്കള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. നവമാധ്യമങ്ങളിലുളള പിന്തുണ വിഷയം ലോകശ്രദ്ധയിലെത്തിക്കുന്നുണ്ട്. ഇത് ഇനി അവഗണിക്കാനാവില്ല. ഖനനം നിര്‍ത്തിവെയ്ക്കില്ലെന്നാണ് ഐആര്‍ഇ യുടെ നിലപാട്. അതിനു പിന്നില്‍ ഉദ്ദേ്യാഗസ്ഥ മണല്‍ ഖനന ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. ഖനനം നിര്‍ത്തിവെച്ച് പ്രശ്‌നത്തെപ്പറ്റി ഗൗരവപൂര്‍വ്വമായ പഠനം നടത്തുകയാണ് വേണ്ടത്.

സത്വരമായ നടപടികള്‍ ഉണ്ടാകണം – എം.കെ.അജിത്

ആലപ്പാട് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കടലെടുത്തു ഇത് ഖനനത്തില്‍ നിന്നു മാത്രമുണ്ടായ പ്രശ്‌നമാണോയെന്നതില്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.ആലപ്പാടിന്റെവിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ നിലവില്‍ അത് 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.ഇല്‍മനൈറ്റും മോണോസൈറ്റുമടക്കമുളള വിശിഷ്ട ധാതുക്കളുടെ കലവറയാണ് ഇവിടം. സ്വതന്ത്ര തിരുവിതാംകൂറിനായി നിലകൊണ്ട സര്‍ സി പി രാമസ്വാമി അയ്യര്‍ക്ക് അന്ന് ബ്രട്ടീഷ് പാര്‍ലമെന്റില്‍ നിന്നുപോലും പിന്തുണ ലഭിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി കരിമണലായിരുന്നെന്നാണ് സൂചന. 1908 – ല്‍ ഹെര്‍ഷോം ബാര്‍ഡ് എന്ന ജര്‍മ്മന്‍ കെമിസ്റ്റ് തിരിച്ചറിഞ്ഞ ഈ അക്ഷയ ഖനിയില്‍ നിന്ന് മോണോസൈറ്റ് വേര്‍തിരിക്കാനായി 1910 -ല്‍ ചവറയില്‍ അദ്ദേഹം പ്ലാന്റ് സ്ഥാപിച്ചിരുന്നു. മറ്റു സ്ഥലങ്ങളിലില്ലാത്ത വൈശിഷ്ട്യം കേരളതീരത്തെ ധാതുമണലിനുണ്ടെന്ന തിരിച്ചറിവാണ് അതിനു പ്രേരണയായത്. ധാതുക്കള്‍ ഏറ്റവും ലാഭകരമായി ഖനനം ചെയ്യാവുന്ന മേഖലയെന്ന നിലയ്ക്കാണ് ഇവിടേക്ക് വന്‍കിടക്കാര്‍ എത്തുന്നത്.

കോടികള്‍ മറിയുന്ന ബിസ്സിനസ്സ് പ്രഭാവത്തില്‍ ഭരണവും നിയമവുമൊക്കെ വഴിമാറി നില്‍ക്കുന്ന ചരിത്രമാണ് ഇവിടെയുളളത്. ഒടുവില്‍ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സുനാമി പോലുളള വലിയ ദുരന്തങ്ങള്‍ ഒരു വലിയ പ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ തീരദേശം ദുര്‍ബ്ബലമാക്കപ്പെടുന്നു. ഇതില്‍ സത്വരമായ നടപടികള്‍ തന്നെ ഉണ്ടാകണം.ആലപ്പാട് നടക്കുന്ന പ്രക്ഷോഭം അതിന് നിമിത്തമായിത്തീരട്ടെ.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.