Capturing Business 360°

ചേർത്ത് നിർത്താം ആലപ്പാടിനെ, പക്ഷെ കറുത്ത പൊന്ന് കടലിൽ കളയരുത്

“മറ്റൊരു പരിസ്ഥിതി വാദി സമരമായി ആലപ്പാടും മാറാനാണ് സാധ്യത. ഒടുവിൽ അവിടെ കമ്പനികൾ പൂട്ടും. ഖനനം നിൽക്കും. മണൽക്കടത്തു തുടരും. കടൽ വീണ്ടും കയറും. കാൻസർ വീണ്ടും മനുഷ്യനെ കൊല്ലും. കറുത്ത പൊന്ന് ആ പേര് അന്വർത്ഥമാക്കും. കരിമണൽ നമുക്ക് ഒരു അന്യ ഗൃഹ ജീവി അനുഭവമായി തുടരും. വൈകാരികമായോ, രാഷ്ട്രീയമായോ അല്ലാതെ തികച്ചും സ്വതന്ത്രമായും, സാങ്കേതികമായും, യുക്തിപരമായും ഈ വിഷയത്തെ കാണാൻ കഴിയേണ്ടതാണ്.”

എഡിറ്റോറിയൽ ഡെസ്ക്

ആലപ്പാട് കരിമണൽ വിരുദ്ധ സമരം കത്തിപ്പടരുകയാണ്. സെലിബ്രിറ്റികളും മറ്റും ഏറ്റെടുത്തതോടെ സമരത്തിനൊരു പരിവേഷവും കൈ വന്നിട്ടുണ്ട്. ഖനനം നിർത്തണമെന്നാണ് പ്രധാന ആവശ്യം. സ്വകാര്യമേഖലയെ തൊടീക്കില്ലെന്നാണ് മറ്റൊരു വാശി. ആലപ്പാട്ടെ ജനങ്ങളുടെ ആശങ്ക ന്യായമാണ്. അത് തീർച്ചയായും പരിഹരിക്കപ്പെടേണ്ടതുമാണ്. രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടവിടെ. പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. പ്രശ്ന പരിഹാരത്തിന്റെ ആദ്യ പടി ഖനന മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുക എന്നതാണ്. അതല്ലാതെ ഒറ്റയടിക്ക് ഖനനം നിർത്തുകയല്ല, IRE, KMML എന്നീ കമ്പനികളെ പൂട്ടിക്കുകയല്ല പരിഹാരം.

കടലും, കായലും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതും, കര കടലെടുക്കുന്നതും പ്രശ്നം തന്നെ. അത് ശാസ്ത്രീയമായി പഠിക്കുക തന്നെ വേണം. ഇപ്പോഴുള്ളത് നിഗമനങ്ങളും, അഭ്യൂഹങ്ങളും മാത്രമാണ്. അതിനൊന്നും ശരിയായ പഠനങ്ങളുടെ അടിത്തറയില്ല. കറുത്ത സ്വർണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരിമണൽ മലയാളിക്ക് അന്യ ഗൃഹ ജീവി പോലൊരു അനുഭവമാണ്. ഇതിന്റെ മൂല്യത്തെ കുറിച്ച് ഒട്ടേറെ കെട്ടു കഥകൾ പ്രചരിക്കുന്നുണ്ട്. വലിയ പങ്കും നിറം പിടിപ്പിച്ചവയാണ്. കേരളത്തെ ഗൾഫാക്കി മാറ്റാൻ തക്ക ധാതു സമ്പത്ത് കൊല്ലം-ആലപ്പുഴ തീരത്തുണ്ടെന്നാണ് അനുമാനം. കേരളത്തിന്റെ ഏറ്റവും മൂല്യമുള്ള പ്രകൃതി വിഭവം എന്നാണ് വിശേഷണം. മോണോസൈറ്റ്, ഇൽമനൈറ്റ്, തോറിയം, ഗാർനൈറ്റ്, റൂട്ടയിൽ, ലൂക്കോസിൻ, സിലിമനൈറ്റ്, സിർക്കോൺ എന്നീ ധാതുക്കൾ കരിമണലിലുണ്ട്. ഇതിൽ ഇൽമനൈറ്റിൽ ടൈറ്റാനിയത്തിന്റെ സാന്ദ്രത വളരെ കൂടുതലുണ്ട്. ടൈറ്റാനിയം ഭാവിയുടെ ലോഹമായി വാഴ്ത്തപ്പെടുന്നതുമാണ്. ഇൽമനൈറ്റ് നിക്ഷേപത്തിൽ ചവറ സമ്പുഷ്ടമാണ്. ഈ തീരത്തു നിന്നുള്ള ധാതു മണൽ വൻതോതിൽ അനധികൃതമായി കടത്തുന്നു എന്നൊരു ആക്ഷേപം ശക്തമാണ്. ഇതിൽ കമ്പനികൾ, സർക്കാർ, രാഷ്ട്രീയക്കാർ, നാട്ടുകാർ എന്നിവർക്ക് നല്ല പങ്കുള്ളതായി ആരോപണവും നിലനിൽക്കുന്നു. ഇത്തരത്തിലുള്ള ഖനനം അവിടെ കമ്പനി നടത്തുന്ന ഖനനത്തെക്കാൾ പല മടങ്ങു വരുമത്രെ. ചവറ ഇപ്പോൾ കേരളത്തിന്റെ ഖനിയല്ല ഒരു മാഫിയയുടെ അക്ഷയ ഖനിയാണ്.

കേരളത്തിലെ ധാതു നിക്ഷേപം, അതിന്റെ മൂല്യം, സാദ്ധ്യതകൾ, കയറ്റുമതി, വിനിയോഗ രീതി എന്നിവയെക്കുറിച്ചു ഏറ്റവും അധികാരികമായൊരു പഠനം തീർത്തും സ്വതന്ത്രമായൊരു എജൻസിയെക്കൊണ്ട് അടിയന്തരമായി സർക്കാർ നടത്തേണ്ടതാണ്. അനധികൃത ഖനനം, മണൽ കടത്ത് എന്നിവ സംബന്ധിച്ചു നിലനിൽക്കുന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കുകയും, അടിയന്തരമായി അത് അവസാനിപ്പിക്കുകയും വേണം. കേരളത്തിന്റെ സമ്പദ്ഘടനയെ കീഴ്മേൽ മറിക്കാൻ ഈ കറുത്ത മണലിന് കഴിയുമെന്ന് ഉറപ്പായാൽ അതൊരു സ്പെഷ്യൽ സോണാക്കുകയും, അവിടെ നിന്നും ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യാൻ മടിക്കുന്നതെന്തിനാണ്. അങ്ങനെ ഒഴിഞ്ഞു പോകുന്നവർക്ക് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത പാക്കേജും തുടർ ആനുകൂല്യങ്ങളും നൽകിയാൽ അത് മാതൃകാപരമാകും, ന്യായവുമാകും. ധാതു നിക്ഷേപത്തിന്റെ മൂല്യം അഭ്യൂഹങ്ങൾക്കപ്പുറം പകുതി വാസ്തവമെങ്കിൽ പോലും അത് കേരളത്തിന്റെ തലവരി മാറ്റിക്കുറിക്കുന്നതാണ്. അത് കൊണ്ട് ഇതൊരു അവസരമായി സർക്കാർ കാണണം. കരിമണലിനെ ദീർഘകാലമായി ഒരു വൈകാരിക പ്രശ്നമായിട്ടാണ് പലരും കൈകാര്യം ചെയതിട്ടുള്ളത്. രാഷ്ട്രീയ പ്രയോജനവും അവർക്കുണ്ടായിട്ടുണ്ട്. വിഎം സുധീരൻ മുതൽ വിഎസ്‌ വരെ.

സ്വകാര്യ മേഖലയോടുള്ള സംസ്ഥാനത്തിന്റെ പൊതുവെയുള്ള അയിത്തവും, തൊട്ടു കൂടായ്മയും ഈ വിഷയത്തിലും പ്രതിഫലിക്കുന്നു. സർക്കാരിന്റെ പ്രസ്താവനകളിൽ പോലും അതുണ്ട്. സ്വകാര്യ മേഖലക്കു നിയമപരമായി ഖനനാനുമതി നൽകിയാൽ എന്ത് പറ്റുമെന്നാണ്? പൊതു മേഖലാ സംരക്ഷണം എന്നൊരു പ്രതിരോധം ആണ് സമരത്തിനെതിരെ ഒരു വിഭാഗത്തിന്റേത്. സ്വകാര്യ മേഖലയെ മറു ഭാഗത്തു നിറുത്തിയാൽ കല്ലെറിയാൻ സൗകര്യമുണ്ട്-അത്ര തന്നെ. എകെ ആന്റണി ധാതു മണൽ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. സ്വകാര്യ മേഖലയോടും അയിത്തമില്ലായിരുന്നു. പൊതു സ്വീകാര്യതയുള്ള ഒരു പരിഹാര പാക്കേജിന് ശ്രമിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ട് പോകാനുള്ള ആർജവം ഇല്ലാതെ പോയി.

മുഖ്യ മന്ത്രി പിണറായി വിജയന്റെ അഭിപ്രായങ്ങളോടും, നിലപാടുകളോടും വിയോജിപ്പുള്ളവർ പോലും അദ്ദേഹത്തിന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ശേഷിയെക്കുറിച്ചു വിരുദ്ധാഭിപ്രായം പറയില്ല. കരിമണൽ എന്ന സമസ്യ പൂരിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് ഇപ്പോഴത്തെ അവസ്ഥയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ്. ശബരി മലയിൽ കാണിച്ചതിൽ പകുതി വാശി കരിമണലിൽ കാട്ടിയാൽ ഒരു പക്ഷെ കേരളത്തിന്റെ ഗതി മാറിയെന്നു വരാം. പിടി വാശിയൊന്നും വേണ്ട, ഉറച്ച തീരുമാനം മതിയാകും. ബാർ വിഷയത്തിലെപ്പോലെ, ഗ്യാസ് പൈപ്പ് ലൈൻ പോലെ, ഐഒസി പോലെ, വയൽക്കിളി പോലെ ഉറച്ചൊരു തീരുമാനം. അതിന് ഇതിലും പറ്റിയ ഒരു അവസരമില്ല. വൈകാരികമായോ, രാഷ്ട്രീയമായോ അല്ലാതെ തികച്ചും സ്വതന്ത്രമായും, സാങ്കേതികമായും, യുക്തിപരമായും ഈ വിഷയത്തെ കാണാൻ അദ്ദേഹത്തിന് കഴിയേണ്ടതാണ്. അല്ലെങ്കിൽ മറ്റൊരു പരിസ്ഥിതി വാദി സമരമായി ആലപ്പാടും മാറും. ഒടുവിൽ കമ്പനികൾ പൂട്ടും. ഖനനം നിൽക്കും. മണൽക്കടത്തു തുടരും. കടൽ വീണ്ടും കയറും. കാൻസർ വീണ്ടും മനുഷ്യനെ കൊല്ലും. കറുത്ത പൊന്ന് ആ പേര് അന്വർത്ഥമാക്കും. കരിമണൽ നമുക്ക് ഒരു അന്യ ഗൃഹ ജീവി അനുഭവമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.