Capturing Business 360°

കോംപാക്റ്റ് എസ് യു വി ശ്രേണിയിൽ അധിപത്യമുറപ്പിക്കാൻ മാരുതി സുസുക്കി; വിറ്റാര ബ്രെസയ്ക്ക് പെട്രോള്‍ മോഡൽ അവതരിപ്പിക്കാനൊരുങ്ങുന്നു

ന്യൂഏജ് ന്യൂസ്

എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള കോംപാക്റ്റ് എസ് യു വികൾ ഇന്ത്യയിലെ ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണ്. ഈ സെഗ്മെന്‍റില്‍ കരുത്തനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ. നിലവില്‍ വിറ്റാര ബ്രെസ ഡീസൽ എന്‍ജിനില്‍ മാത്രമാണ് വിപണിയിലുള്ളത്. ഈ വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2019 അവസാനത്തോടെ പെട്രോള്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ. ഇതുവരെ 3.57 ലക്ഷം ബ്രസകള്‍ നിരത്തിലെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്ടോബര്‍ പാദത്തില്‍ 95000 യൂണിറ്റും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.48 ലക്ഷം യൂണിറ്റ് ബ്രെസയുമാണ് പുറത്തിറങ്ങിയത്. പ്രതിമാസം ശരാശരി 15,000 ബ്രെസ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ബ്രെസയുടെ 94,000 യൂണിറ്റാണ് പുറത്തിറങ്ങിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 10 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും ഉത്പാദനം ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡീസൽ പതിപ്പിലുള്ള മിക്ക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പെട്രോൾ എൻജിനുള്ള വിറ്റാര ബ്രെസയിലും മാരുതി സുസുക്കി നിലനിർത്തുമെന്നാണ് സൂചന. എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള പ്രൊജക്ടർ ഹെഡ്ലാംപ്, ബോഡ് കളർ ബംപർ, ടേൺ ഇൻഡിക്കേറ്റർ സഹിതം ഇലക്ട്രിക് ഫോൾഡിങ് റിയർവ്യൂ മിറർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ എന്നിവയൊക്കെ പെട്രോൾ ബ്രെസയിലുമുണ്ടാവും.

നാല് ആഴ്ച മുതല്‍ ആറ് ആഴ്ച വരെയാണ് ഇപ്പോള്‍ ബ്രെസയ്ക്കുള്ള കാത്തിരിപ്പ്. ഇത് കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിനുള്ളത്. ഇത് ഉയര്‍ത്തി ബുക്കിങ് കാലാവധി കുറയ്ക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

പുറത്തിറങ്ങാനൊരുങ്ങുന്ന പെട്രോള്‍ പതിപ്പില്‍ ബെലെനോ ആര്‍എസ് മോഡലിന് കരുത്തു പരുകുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബോ എഞ്ചിനായിരിക്കും നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഈ എഞ്ചിന്‍ 110 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ പതിപ്പിലുള്ള മിക്ക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പെട്രോൾ എൻജിനുള്ള വിറ്റാര ബ്രെസയിലും മാരുതി സുസുക്കി നിലനിർത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.