Capturing Business 360°

ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസിന് പിന്നാലെ ലോകരാജ്യങ്ങൾ; ഇന്ത്യയുടെ ‘വജ്രായുധം’ ഇന്തൊനീഷ്യക്കു വിൽക്കുന്നത് സജീവ പരിഗണനയിൽ, ചർച്ചകൾ അന്തിമഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാൻ ലോക രാജ്യങ്ങൾ ക്യൂനിൽക്കുകയാണ്. അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്തൊനീഷ്യക്കു വിൽക്കുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിലാണെന്നാണ് പുതിയ റിപ്പോർട്ട്. മിസൈൽ നിർമിക്കുന്ന ഇന്ത്യ– റഷ്യ സംയുക്ത സംഘത്തിന്‍റെ പ്രതിനിധികൾ കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് ഇന്തൊനീഷ്യ സന്ദർശിച്ചിരുന്നു. ഇന്തൊനീഷ്യയുടെ പടക്കപ്പലുകളിൽ ബ്രഹ്മോസ് മിസൈൽ സ്ഥാപിക്കുന്നതു സംബന്ധിച്ച പഠനങ്ങൾക്കായിരുന്നു സംഘത്തിന്‍റെ സന്ദർശനമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ബ്രഹ്മോസ് മിസൈലിനു പുറമേ തീരദേശ നിരീക്ഷണത്തിനായുള്ള റഡാറുകളും മറൈൻ ഗ്രേഡ് സ്റ്റീലും ഇന്തൊനീഷ്യക്കു നൽകാമെന്നു ഇന്ത്യ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇന്തൊനീഷ്യൻ വ്യോമസേന നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന റഷ്യൻ നിർമിത സുഖോയ്–30 പോര്‍വിമാനങ്ങളുടെ അറ്റക്കുറ്റപണികൾ നടത്താമെന്നതാണ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ള മറ്റൊരു ആശയമെന്നാണ് സൂചന.

ബ്രഹ്മോസ് വിൽപ്പന സംബന്ധിച്ച അവസാന കരാറിൽ ഇന്ത്യയും ഇന്തൊനീഷ്യയും ഇതുവരെ എത്തിയിട്ടില്ലെങ്കിലും ഇന്തൊനീഷ്യയുടെ നാവികസേനയുടെ അധീനതയിലുള്ള തുറമുഖത്തിലേക്കുള്ള ഇന്ത്യ– റഷ്യ സംഘത്തിന്‍റെ സന്ദർശനം ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈൽ വിൽപ്പന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തുന്നത്. കസാക്കിസ്ഥാൻ, ബ്രസീൽ, പെറു തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.

വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും.

എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂർണമായും തകർക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.