Capturing Business 360°

വലിയ തുകകളുടെ കറന്‍സികള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആര്‍ബിഐയോട് നേപ്പാൾ; അനുമതിയില്ലെങ്കില്‍ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിക്കേണ്ടിവരുമെന്ന‌് മുന്നറിയിപ്പ്

ന്യൂഏജ് ന്യൂസ്

മുംബൈ: 200 രൂപ, 500 രൂപ, 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആര്‍ബിഐ) നേപ്പാള്‍ രാഷ്‌ട്ര ബാങ്കിന്‍റെ (എന്‍ആര്‍ബി) അഭ്യര്‍ഥന. വെള്ളിയാഴ്ചയാണ് ഇക്കാര്യം സൂചിപ്പിച്ച്‌ എന്‍ആര്‍ബി കത്തെഴുതിയത്.

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം 100 രൂപയ്ക്കു മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവില്‍ 100 രൂപയില്‍ താഴെയുള്ള കറന്‍സികള്‍ ഉപയോഗിക്കാന്‍ മാത്രമേ നേപ്പാളിന് അനുമതിയുള്ളൂ. 2016 നവംബറിലെ കറന്‍സി റദ്ദാക്കലിനു മുന്പ് 25,000 രൂപ വരെ സൂക്ഷിക്കാന്‍ നേപ്പാള്‍ പൗരന്മാര്‍ക്ക് ഫെമ അനുസരിച്ച്‌ അനുമതിയുണ്ടായിരുന്നു. ഇതില്‍ 500 രൂപ, 1000 രൂപ കറന്‍സികളും ഉള്‍പ്പെട്ടിരുന്നു. കറന്‍സി റദ്ദാക്കലിനു ശേഷം ഇന്ത്യയില്‍ പുതിയ 200 രൂപ, 500 രൂപ, 2000 രൂപ കറന്‍സികള്‍ പ്രചാരത്തിലായി. എന്നാല്‍, ഇവ നേപ്പാളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ അനുമതി നല്കിയില്ല.

ഉയര്‍ന്ന തുകയുടെ കറന്‍സികള്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയില്ലെങ്കില്‍ ജനങ്ങളെ രക്ഷിക്കാന്‍വേണ്ടി ഇന്ത്യന്‍ കറന്‍സികള്‍ നിരോധിക്കേണ്ടിവരുമെന്ന‌് എന്‍ആര്‍ബിയിലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ് ചീഫ് പറഞ്ഞു.

ഇതുകൂടാതെ റദ്ദാക്കിയ കറന്‍സി മാറ്റി നല്കാനുള്ള നടപടിയും ആര്‍ബിഐയുടെയും സര്‍ക്കാരിന്‍റെയും ഭാഗത്തുനിന്നുണ്ടാകണമെന്നും എന്‍ആര്‍ബി പറഞ്ഞു. 4.8 കോടി രൂപയുടെ റദ്ദാക്കിയ കറന്‍സികളാണ് നേപ്പാളിലുള്ളത്.