Capturing Business 360°

നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും ശക്തി പകരുവാൻ ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ; ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് ഉദ്ഘാടനം 13ന്, തയ്യാറാകുന്നത് അന്തര്‍ ദേശീയ നിലവാരത്തില്‍ 1.80 ലക്ഷം ചതുരശ്ര അടിയിലുള്ള സമുച്ചയം

ന്യൂഏജ് ന്യൂസ്

കൊച്ചി: സംസ്ഥാനത്തു നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയമായ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം 13നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) കളമശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് (ടിസ്) അന്തര്‍ ദേശീയ നിലവാരത്തില്‍ 1.80 ലക്ഷം ചതുരശ്ര അടിയില്‍ സമുച്ചയം തയാറാക്കിയിരിക്കുന്നത്. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

കെഎസ്‌യുഎമ്മിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് (ഐഐഐടിഎം-കെ) സ്ഥാപിച്ചിട്ടുള്ള മേക്കര്‍ വില്ലേജ്, ഹാര്‍ഡ്‌വേര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, കാന്‍സര്‍ ചികിത്സയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായുള്ള ഇന്‍കുബേറ്ററായ ബ്രിക്, കെഎസ് യുഎം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി)യുടെ സഹകരണത്തോടെ രൂപീകരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, യൂണിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപം നല്കിയ മികവിന്‍റെ കേന്ദ്രങ്ങള്‍ എന്നിവയാണ് ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുക.