Capturing Business 360°

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍; സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഏജ് ന്യൂസ്

ന്യുഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കും. തുടർച്ചയായി ഇത് ആറാം തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യം ഈ വര്‍ഷം മധ്യത്തോടെ പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുവാൻ സർക്കാർ ഒരുങ്ങുന്നത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ചേരും. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്‍റെ തീയതി നിശ്ചയിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്‍റ് സമ്മേളനമായിരിക്കും ഇത്.

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റ് ആയതിനാൽ തന്നെ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വരുമാന നികുതി ഘടനയിൽ മാറ്റം വരുത്താനുള്ള സാധ്യത വിദഗ്ധർ കാണുന്നുണ്ട്. 2018 ലെ മുൻ ബജറ്റിലും,അരുൺ ജയ്റ്റ്ലി ഒഴുവാക്കാമായിരുന്നിട്ടും ആദായനികുതി സ്ലാബിലെ വരുമാന നികുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല എന്നിരുന്നാലും വ്യക്തിഗത ആദായ നികുതിയെ ബാധിക്കുന്ന വരുമാന നികുതിയിൽ സെസ് ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ വരുന്ന ഇടക്കാല ബജറ്റില് ശമ്പള വരുമാനക്കാരെയും മധ്യവര്ഗത്തെയും കൂടുതലായി പരിഗണിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. 80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്നിന്ന് വര്ധിപ്പിക്കണമെന്നത് ദീര്ഘകാലമായുള്ള ആവശ്യമാണ്. 2014ലാണ് ഇതുപ്രകാരമുള്ള പരിധി അവസാനമായി വര്ധിപ്പിച്ചത്. കൂടാതെ ഭവന വായ്പയുടെ പലിശയ്ക്ക് നല്കുന്ന നികുതിയിളവ് പരിധി വര്ധിപ്പിച്ചേക്കുമെന്നും കരുതുന്നു.

2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് തയാറാക്കുന്ന ജോലി തുടങ്ങിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. വിവിധ മന്ത്രാലയങ്ങളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഉരുക്ക്, വൈദ്യുതി, ഹൗസിങ്, നഗര വികസനം ഉൾപ്പെടെ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ധനമന്ത്രാലയം നേരത്തെതന്നെ ചർച്ച നടത്തിയിരുന്നു. ബജറ്റ് തയാറാക്കൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിസംബർ ആദ്യം മുതൽ ധനമന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില് കണ്ട് മോദി സര്ക്കാര് ജനപ്രിയ തീരുമാനങ്ങള് പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്ക്ക് 10 ശതമാനം റിസര്വേഷന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കർഷകരോഷത്തിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഹിന്ദി ബെൽട്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കർഷകർക്കായി വൻ വാഗ്ദാനങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ജനക്ഷേമ പദ്ധതികൾ വലിയതോതിൽ ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വോട്ട് ലക്ഷ്യമിട്ട് പരമാവധി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ബഡ്ജറ്റെന്ന പതിവിനപ്പുറം കർഷകരുടെ രോഷം തണുപ്പിക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾക്കും ഇത്തവണത്തെ ബജറ്റ് സാക്ഷിയായേക്കും. ഗ്രാമീണ ജനതയുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതികളും ബഡ്ജറ്റിൽ പ്രതീക്ഷിക്കാമെന്ന് കരുതുന്നു. 2022 ഓടുകൂടി കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയ പ്രഖ്യാപനങ്ങൾക്കും ഒരുപക്ഷെ കാതോർക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.