Capturing Business 360°

ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന കർശന നിർദേശവുമായി റിസര്‍വ് ബാങ്ക്; മാര്‍ച്ചോടെ 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റ് കമ്പനികളുടെ സേവനം നിലച്ചേക്കും

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: വരുന്ന മാര്‍ച്ചോടെ ഒട്ടുമിക്ക മൊബൈല്‍ വാലറ്റ് കമ്ബനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യത. ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശത്തെതുടര്‍ന്നാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ വാലറ്റ് കമ്ബനികള്‍ക്ക് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ഒക്ടോബറിലാണ് ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്ബനികള്‍ ഇനിയും ബയോമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മൊത്തം ഉപഭോക്താക്കളുടെ കൂട്ടത്തില്‍ നിന്ന് ചെറിയ ശതമാനം ആളുകളുടെ വിവരങ്ങള്‍ മാത്രമാണ് കമ്ബനികള്‍ക്ക് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുളളത്. 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് കമ്ബനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നു.

സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച്‌ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് തടസപ്പെട്ടിരിക്കുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇകൈവൈസി വഴിയുളള വെരിഫിക്കേഷന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിന് ബദലായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതിന് കൃത്യമായ നിര്‍ദേശം ആര്‍ബിഐ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.