Capturing Business 360°

ജോലിയുടെ സമ്മര്‍ദവും വേതനകുറവും തൊഴിലുകള്‍ അനാകര്‍ഷകമാക്കി; ബാങ്കിങ് മേഖലയിലെ തൊഴിൽ അപേക്ഷകരുടെ എണ്ണം കുറയുന്നതായി പാര്‍ലമെന്റ് സ്ഥിരം സമിതി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ജോലിയുടെ സമ്മര്‍ദവും വേതനകുറവും ബാങ്കിങ് മേഖലയിലെ തൊഴിലുകള്‍ അനാകര്‍ഷകമാക്കിയെന്ന് ധനമന്ത്രാലയത്തിനുവേണ്ടിയുള്ള പാര്‍ലമെന്റ് സ്ഥിരം സമിതി. ക്ളറിക്കല്‍ തസ്തികകളിലേക്കും പ്രൊബേഷണറി- സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ അസാധാരണമാംവിധം കുറവു പ്രകടമാണെന്ന് സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് സമിതിയുടെ റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീളുന്ന ജോലിയും മാനസികസമ്മര്‍ദവും എന്നാല്‍, അതിനനുസരിച്ച്‌ ആനുകൂല്യങ്ങള്‍ കിട്ടാത്തതും മിടുക്കരായ ഉദ്യോഗാര്‍ഥികളെ ബാങ്കിങ് മേഖലയില്‍നിന്ന് അകറ്റുന്നതായാണ് സമിതിയുടെ വിലയിരുത്തല്‍.
പൊതുമേഖലാ ബാങ്കുകളിലെ ജനറല്‍ മാനേജര്‍ തലത്തിലുള്ള 95 ശതമാനം പേരും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തലത്തിലുള്ള 75 ശതമാനവും അഡീഷണല്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള 58 ശതമാനവും അടുത്ത സാമ്ബത്തികവര്‍ഷം വിരമിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരുമിച്ച്‌ ഒട്ടേറെ ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് പ്രാഥമിക-മധ്യതലങ്ങളില്‍ പെട്ടെന്നൊരു ശൂന്യതയും ജീവനക്കാരുടെ അഭാവവുമുണ്ടാക്കും. അതു തതടഞ്ഞു അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനവും പരിശീലനവും വിന്യാസവും നടക്കണം- പാര്‍ലമെന്റ് സമിതി നിര്‍ദേശിച്ചു.