Capturing Business 360°

കെഎൽഎമ്മിന് ഇരുപതാം പിറന്നാൾ; വാർഷികാഘോഷങ്ങൾക്കു കൊച്ചിയിൽ തുടക്കം, അടുത്ത അഞ്ചു വര്ഷം കൊണ്ട് 1000 ബ്രാഞ്ചുകൾ തുറക്കുമെന്ന് പ്രഖ്യാപനം

ന്യൂഏജ് ന്യൂസ്

കൊച്ചി: അടുത്ത അഞ്ചു വര്ഷം കൊണ്ട് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് 1000 ബ്രാഞ്ചുകൾ തുറക്കുമെന്ന് ഗ്രൂപ്പ് ചെയർമാനും, ഹോൾടൈം ഡയറക്റ്ററുമായ ഷിബു തെക്കുംപുറം പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കും. പതിനായിരം കോടിയുടെ വായ്പയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ഇരുപതാം വാർഷികത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കെഎൽഎം ആക്സിവ ദക്ഷിണേന്ത്യയിലെ മുൻനിര എൻബിഎഫ്സി ആയി മാറുകയാണെന്ന് ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ പറഞ്ഞു. കമ്പനിയുടെ എൻഎസ്ഡി പബ്ലിക് ഇഷ്യൂവിന് ലഭിച്ച പ്രതികരണം അതിശയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ്യത എന്ന മൂല്യം മുറുകെപ്പിടിച്ചു വിപുലമായ പബ്ലിക് ഇഷ്യൂയിലേക്ക് കമ്പനി നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനകാര്യ സേവന രംഗത്ത് ഇന്ത്യ അവസരങ്ങളുടെ കേന്ദ്രമാണെന്ന് വാർഷികാഘോഷങ്ങൾ ഉൽഘാടനം ചെയ്ത ഇസാഫ് മാനേജിങ് ഡയറക്റ്റർ കെ പോൾ തോമസ് പറഞ്ഞു. കെഎൽഎം വളരെ വേഗം ഈ രംഗത്ത് മുൻ നിരയിലെത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനിയുടെ വളർച്ചയുടെ സ്വഭാവം ഈ സൂചന നൽകുന്നു. മുൻനിര എൻബിഎഫ്സികൾ കേരളത്തിൽ നിന്നാണെന്നും ഈ രംഗത്തു നമുക്ക് ശക്തമായ മേൽക്കൈ ഉണ്ടെന്നും ജിയോജിത്ത് മാനേജിങ് ഡയറക്ടർ സിജെ ജോർജ് പറഞ്ഞു. കെഎൽഎം ഉടനെ പബ്ലിക് ഇഷ്യൂ നടത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കമ്പനി ഡയറക്റ്റർമാരായ ബേബി മാത്യു സോമതീരം, ബിജി ഷിബു തുടങ്ങിയവർ സംസാരിച്ചു. ബ്രാൻഡ് അംബാസിഡർ മമത മോഹൻദാസ് ആശംസകൾ നേർന്നു. കെഎൽഎമ്മിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് മറ്റു കമ്പനികളിൽ നിന്നും അതിനെ വ്യത്യസ്തമാക്കുന്നതെന്ന് മമത അഭിപ്രായപ്പെട്ടു. കെഎൽഎം ഫൗണ്ടേഷന്റെ പുതിയ കർമ്മ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രളയ ബാധിതർക്കുള്ള വീടുകളാണ് അതിലൊന്ന്. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ കമ്പനി വിട്ടു വീഴ്ച്ച ചെയ്യില്ലെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ ജോസ്‌കുട്ടി സേവ്യർ പറഞ്ഞു.

‘പണം കൊടുത്തു ഞങ്ങൾ സ്നേഹം വാങ്ങി’ എന്ന പുതിയ ബ്രാൻഡിംഗ് ക്യാമ്പെയിനും ചടങ്ങിൽ തുടക്കമിട്ടു. നിക്ഷേപകരും, ഇടപാടുകാരും, ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ഹോട്ടൽ മാരിയറ്റായിരുന്നു വേദി.