Capturing Business 360°

നവവത്സരത്തിൽ നന്മയുടെ കൂടൊരുക്കി നോവൽറ്റി; പ്രളയ ബാധിതർക്ക് വീടൊരുക്കിയത് നോവൽറ്റി ക്ലോത്തിങ്ങും ഔവർ ലേഡിസ് കോൺവെന്റ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന്

ന്യൂഏജ് ന്യൂസ്

കൊച്ചി: നന്മമരത്തിന്റെ തണലിൽ കൈകോർത്ത് കൊച്ചിയുടെ സ്വന്തം വിദ്യാലയവും വ്യവസായ സ്ഥാപനവും 2019-നെ വരവേറ്റു. പ്രളയത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട ജില്ലയിലെ ദുരിത ബാധിതർക്ക് കൈത്താങ്ങൊരുക്കാൻ ഒരുമിച്ച് ചേർന്നതു തോപ്പുംപടി ഔവർ ലേഡിസ് കോൺവെന്റ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രമുഖ ടെക്സ്റ്റൈൽ സംരംഭമായ നോവൽറ്റി ക്ളോത്തിങ്ങിലെ മാനേജ്‍മെന്റും ജീവനക്കാരുമാണ്. നോവൽറ്റി ക്ളോത്തിങ്ങിന്റെ സാമ്പത്തിക പിന്തുണയിൽ ഔവർ ലേഡിസ് കോൺവെന്റ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ഉടമകൾക്ക് കൈമാറി.

കൊച്ചി മാർക്കറ്റ് റോഡിലുള്ള നോവൽറ്റി ക്ളോത്തിങ്ങ് കോർപ്പറേറ്റ് ഓഫീസിലാണ് താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചത്. പുതുതായി പണിതീർത്ത വീടിനു പുറമെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച മറ്റൊരു വീടിന്റെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉടമകൾക്ക് കൈമാറി.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ ബിഷപ് ജോസ് പുത്തൻവീട്ടിൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർ ചേർന്ന് താക്കോൽ ദാന കർമം നിർവഹിച്ചു. ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കി നോവൽറ്റി ജീവനക്കാരും സപ്ലയർമാരും ചേർന്ന് സമാഹരിച്ച തുകയും അർഹരായവർക്ക് വിതരണം ചെയ്തു. നോവൽറ്റി ക്ളോത്തിങ്ങ് മാനേജിങ് ഡയറക്ടർ ഇ.പി.ജോർജ്,ഔവർ ലേഡിസ് കോൺവെന്റ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.

തോപ്പുംപടി ഔവർ ലേഡിസ് കോൺവെന്റ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഹൗസ് ചലഞ്ചിന്റെ ഭാഗമായാണ് നോവൽറ്റി പുതുവത്സര സമ്മാനമായി വീട് നൽകിയത്. ഹൗസ് ചലഞ്ച് 100 വീടുകൾ പൂർത്തിയാക്കുകയാണ്. 101 ആം വീടിന്റെ ശിലാസ്ഥാപനവും നടന്നു. ഹൗസ് ചലഞ്ചിലെ ഏറ്റവും വലിയ പങ്കാളിയാണ് നോവെൽറ്റി ക്ലോത്തിങ്.