Capturing Business 360°

വനിതാ മതിലും സ്ത്രീ സുരക്ഷയും – ന്യൂഏജ് എഡിറ്റോറിയൽ

ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ സാമൂഹിക സാഹചര്യങ്ങളെ ഏതുവിധത്തില്‍ സ്വന്തം താല്പര്യാര്‍ത്ഥം ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. കൊടിയുടെ നിറഭേദമില്ലാതെയുള്ള മത്സരമാണ് അതില്‍ ദൃശ്യമാകുന്നത്. യുവതീ പ്രവേശനത്തെ ആദ്യം അനുകൂലിച്ചവര്‍ പിന്നീട് ആ നിലപാട് മാറ്റി രംഗത്തെത്തുന്നതും, കാണുകയുണ്ടായി .സുപ്രീംകോടതി വിധി എത്രയും വേഗത്തില്‍ നടപ്പാക്കുകയെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല വിഷയം സാധാരണ ജനങ്ങള്‍ക്കിടയിലുളവാക്കുന്ന സര്‍ക്കാര്‍വിരുദ്ധ വികാരത്തെ മറികടക്കുകയെന്നത് ഇടതുമുന്നണി സര്‍ക്കാരിനെ സംബന്ധിച്ചിട ത്തോളം പരമപ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കാനുള്ള സാദ്ധ്യതയെയും അവര്‍ ഭയപ്പെടുന്നുണ്ട്.

കേരളീയ നവോത്ഥാനവും സ്ത്രീ പുരുഷ സമത്വവുമൊക്കെ സമകാലീക സംഭവവികാസങ്ങളുടെ ഫ്രെയിമിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനവും ഇതൊക്കെതന്നെയാണ്. ശബരിമലവിഷയത്തില്‍ ആചാരസംരക്ഷണം മുന്‍നിര്‍ത്തിയുള്ള എന്‍.എസ്.എസി-ന്റെയും മറ്റ് സമാന ചിന്താഗതിക്കാരുടേയും പ്രവര്‍ത്തനങ്ങള്‍ ആ ഫ്രയിം വര്‍ക്ക് ഒന്നുകൂടി വിപുലപ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. നവോത്ഥാനമൂല്യ സംരക്ഷണാര്‍ത്ഥം ചില സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തതും ‘വനിതാമതില്‍’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതുമൊക്കെ അതിന്റെ ഭാഗമായാണ്. വനിതാമതിലിന് ഒരു സര്‍ക്കാര്‍ പരിപാടിയെന്നനിലയില്‍ ഉദ്യോഗസ്ഥ പിന്തുണയും സര്‍ക്കാര്‍ ഫണ്ടും തരപ്പെടുത്താനുള്ള നീക്കവും ഉണ്ടായി. സ്ത്രീ സുരക്ഷക്കായി നീക്കിവച്ച ബജറ്റ് വിഹിതമാവും ഇതിനായി പ്രയോജനപ്പെടുത്തുകയെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അതായത് സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയായാണ് വനിതാമതില്‍ കോടതി മുമ്പാകെ അവതരിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി പണം ഉപയോഗിക്കില്ലെന്നും ബന്ധപ്പെട്ട സംഘടനകളാകും ഇതിനായി പണം കണ്ടെത്തുകയെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഇവിടെ അസ്ഥാനത്താവുകയാണ്.

ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനുള്ള ഒരു ഭരണപക്ഷ ഉദ്യമം എന്നതിനപ്പുറം സ്ത്രീ സുരക്ഷയില്‍ വനിതാമതിലിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന ചോദ്യം ഇവിടെ ഏറെപ്രസക്തം തന്നെയാണ്. സ്ത്രീ സുരക്ഷയൊരുക്കുന്നതിനുള്ള പദ്ധതികളില്‍ ഒരു ചുവടെങ്കിലും മുന്നോട്ടുവയ്ക്കാന്‍ ഇതുവഴി സാധിക്കുമോയെന്നതും ചിന്തിക്കണം. സ്ത്രീത്വത്തെ അവഗണിക്കുകയും ചവിട്ടിത്താഴ്ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ പൊതുബോധമുണര്‍ത്താനുള്ള ഏതൊരുനീക്കവും തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ അത്തരം പ്രതിരോധരീതികള്‍ അതിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാവണം എന്നതും പ്രധാനമാണ്. സ്ത്രീകളുടെ തുല്ല്യതയും സാമൂഹിക നീതിയും വിപരീത സാഹചര്യങ്ങള്‍ മറികടക്കാനുള്ള ചവിട്ടുപടിയായി പരിമിതപ്പെടുന്നത് നവോത്ഥാനമൂല്യങ്ങളില്‍ നിന്നുള്ള പിന്‍മാറ്റമായികാണാനേ തരമുള്ളു.

ഇവിടെ സ്ത്രീസുരക്ഷ മറയായി മാറ്റുന്നു – അഡ്വ. ഷാനിമോള്‍ ഉസ്മാന്‍

സര്‍ക്കാരിന്റെ വനിതാമതില്‍ ഒരു രാഷ്ട്രീയ പ്രതിരോധമെന്നതിനപ്പുറം ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. സംസ്ഥാനം ഒരു മഹാ പ്രളയത്തിന്റെ ആഘാതത്തെ മറികടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട അവസരമാണ്. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നാണ് ശ്രദ്ധതിരിക്കുന്നത്. പല കാര്യങ്ങളിലും മുന്നണിയെ നയിക്കുന്ന. സി.പി.എം-ന് വ്യക്തതയില്ല. ശബരിമല പ്രശ്‌നത്തില്‍ ദേവസ്വംമന്ത്രിയും, ദേവസ്വം പ്രസിഡന്റും എത്ര തവണയാണ് നിലപാടില്‍ നിന്ന് മാറ്റം വരുത്തിയത്. വിധിനടപ്പാക്കാന്‍ ധൃതിപിടിക്കുന്ന സര്‍ക്കാര്‍ അതിനായി ആക്റ്റിവിസ്റ്റുകളെ കൊണ്ടുവന്ന് ബി.ജെ.പി-യ്ക്ക് വളരാന്‍ അവസരം ഒരുക്കുകയാണ് ചെയ്തത്. എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലെന്നത് തെളിഞ്ഞിരിക്കുന്നു. ശബരിമലയില്‍ കോണ്‍ഗ്രസ്സ് വിശ്വാസികള്‍ക്കൊപ്പമാണ്. എന്നാല്‍ സര്‍ക്കാരും ഇടതുമുന്നണിയും സ്ത്രീകളുടെ തുല്യതയും സുരക്ഷയു മൊക്കെ മറയായി ഉപയോഗിക്കുകയാണ.് വനിതാമതിലിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സ്ത്രീ സമത്വവും സുരക്ഷയും പാര്‍ട്ടിയില്‍പോലും ഉറപ്പാക്കാന്‍ സി.പി.എംന് സാധിച്ചിട്ടില്ല. എന്നിട്ട് തെരുവില്‍ സ്ത്രീകളെ എത്തിച്ച് ശക്തിതെളിയിക്കാനാണ് ശ്രമിക്കുന്നത്. ഈ ഇരട്ടത്താപ്പാണ് ജനങ്ങള്‍ക്ക് ബോധ്യമാകുന്നത്.

(കോണ്‍ഗ്രസ്സ് വനിതാ നേതാവും കെ.പി.സി.സി. അംഗവുമാണ്.)

വനിതാമതില്‍ ചില സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കും – അഡ്വ.എ.എം.ആരിഫ്

സമൂഹത്തില്‍ വനിതകള്‍ വലിയ അവഗണനകള്‍ നേരിടുന്നുണ്ട്. പഴയകാലം മുതല്‍ അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. ഹൈന്ദവമതത്തില്‍ മനുസ്മൃതിയിലും മറ്റും സ്ത്രിയ്ക്ക് സ്വാതന്ത്ര്യം നിക്ഷിദ്ധമാക്കപ്പെട്ടിരുന്നു. വീടിന് വെളിയിലിറങ്ങാന്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ദളിതര്‍, സ്ത്രീകള്‍ ഇവരൊക്കെ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഒരു മതത്തില്‍ മാത്രമല്ല മറ്റ് ഇതര മതങ്ങളിലും സ്ഥിതി ഇതുതന്നെയായിരുന്നു. ഇന്നും ഈ രംഗത്ത് ദയനീയസ്ഥിതിയാണ്. തദ്ദേശഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പിച്ചെങ്കിലും പാര്‍ലമെന്റെില്‍ ഇന്നും സംവരണം നടപ്പാക്കാനായിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളിലും മതാചാരങ്ങളിലും സ്ത്രീകള്‍ക്ക് അവഗണനയാണുള്ളത്. ശബരിമല സുപ്രീംകോടതി വിധിയാണ് വിഷയം സജീവമാക്കിയത്. ശബരിമലയില്‍ സുപ്രീം കോടതിവിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വനിതാമതില്‍ സ്ത്രീപുരുഷ സമത്വം എന്ന സന്ദേശം സമൂഹത്തില്‍ ഉണര്‍ത്തും. സ്ത്രീ അകറ്റി നിര്‍ത്തേണ്ടവളല്ലെന്ന ബോധം സമൂഹത്തില്‍ ഉണര്‍ത്താന്‍ സഹായിക്കും. ഇത് പൂര്‍ണ്ണവിജയം തന്നെ ആകുമെന്ന് ഉറപ്പിക്കാം.

(ലേഖകന്‍ സി.പി.എം. നിയമസഭാംഗമാണ്)

സ്ത്രീകളുടെ സാമൂഹിക നീതിയെന്നത് ഒരു വില്പനച്ചരക്ക് ആവരുത് – അനീഷ് കുര്യന്‍

സമൂഹത്തില്‍ സ്ത്രീവിരുദ്ധമായിട്ടുള്ള പ്രവണതകള്‍ കാലങ്ങളായി ഉണ്ട്. അതിനെതിരായ ബോധവത്ക്കരണം നടക്കുന്നുണ്ട്. അത് തുടര്‍ന്നും ഉണ്ടാവേണ്ടത് ആവശ്യമാണ്. സ്ത്രീകളുടെ അവസര സമത്വവും തുല്യനീതിയുമൊക്കെ ഉറപ്പാക്കുകയെന്നത് സമൂഹത്തിന്റെ തന്നെ പൊതുവായ കടമയാണ്. ഉയര്‍ന്ന സാംസ്‌കാരികതയുടെ അളവുകോലായി ചരിത്രം രേഖപ്പെടുത്താറുള്ളത് സ്ത്രീകള്‍ക്കുള്ള സമൂഹത്തിലെ സ്ഥാനവും പരിഗണനയുമൊക്കെയാണ്. അതുകൊണ്ട് പരിഷ്‌കൃത സമൂഹം സ്ത്രീകള്‍ക്ക്, മാന്യമായ സ്ഥാനമാണ് എന്നും കല്പിച്ചുപോരുന്നത്. സംസ്ഥാനത്തെ ചില സമീപകാല സംഭവ വികാസങ്ങള്‍ സ്ത്രീകളുടെ സ്ഥിതിസമത്വത്തിലേക്ക് വീണ്ടും ചര്‍ച്ചകളെത്തിച്ചരിക്കുന്നു. ശബരിമലയും സുപ്രീംകോടതി വിധിയുമാണ് അതിന് അടിസ്ഥാനമാകുന്നത്. ശബരിമലയിലെ പ്രശ്‌നം വിശ്വാസവും ആചാരവും സ്ത്രീകളുടെ അവകാശവു മൊക്കെ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ സമവായമാര്‍ഗ്ഗമാണ് വേണ്ടത്. കടുംപിടുത്തം പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാവില്ല. സ്ത്രീസുരക്ഷയും തുല്യനീതിയുമൊക്കെ പ്രധാനമാണ്. എന്നാല്‍ ഇവയൊന്നും മറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടിയാവരുത്. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള വനിതാമതില്‍ ബോധവത്ക്കരണത്തിന് വേണ്ടിയെ ന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാല്‍ ഇതൊരു പ്രതിരോധമാര്‍ഗ്ഗമാണെന്നും വിഭാഗീയത സൃഷ്ടിക്കുമെന്നുമാണ് മറുവാദം. സ്ത്രീ സമത്വവും നീതിയുമൊക്കെ പൊള്ളയായ നയങ്ങളായി മാറ്റാതെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേയഥാര്‍ത്ഥ സ്ത്രീശാക്തീകരണം ഉണ്ടാവുകയുള്ളു.

(സോഷ്യല്‍ വര്‍ക്കറാണ് ലേഖകന്‍)