Capturing Business 360°

കാഴ്ചശക്തിയില്ലാത്തവര്‍ക്കും കറന്‍സിനോട്ടുകള്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുങ്ങുന്നു; നോട്ടുകളുടെ മൂല്യമറിയാന്‍ ‍പുതിയ സംവിധാനത്തിനായി ആര്‍ബിഐ ടെന്‍ഡര്‍ ക്ഷണിച്ചു

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കാഴ്ചശക്തിയില്ലാത്തവര്‍ക്കും കറന്‍സിനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള പുതിയ സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. നിലവില്‍ ഇന്റാള്‍ജിയോ അച്ചടിവിദ്യ ഉപയോ​ഗിച്ചാണ് നോട്ടകളുടെ മൂല്യം തിരിച്ചറിയുന്നത്. ഇതിന് പകരമായി മൊബൈല്‍ ഫോണ്‍ ഉപയോ​ഗപ്പെടുത്തി കൂടുതല്‍ എളുപ്പത്തില്‍ നോട്ടുകളുടെ മൂല്യമറിയാന്‍ കഴിയുന്ന സംവിധാനമാണ് ആലോചനയിലുള്ളത്.

ഇതിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ സംവിധാനമൊരുക്കാന്‍ ആര്‍ബിഐ ആശയങ്ങള്‍ ക്ഷണിച്ചു. നിര്‍ദിഷ്ട ഉപകരണത്തിനുമുന്നില്‍ കാണിക്കുകയോ ഉള്ളിലിടുകയോ ചെയ്യുന്നതുവഴി മൂല്യം മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇം​ഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നോട്ടിന്റെ മൂല്യം അറിയിക്കുന്ന തരത്തില്‍ സംവിധാനമൊരുക്കണമെന്നാണ് ടെന്‍ഡറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മൊബൈല്‍ ഉപയോ​ഗിച്ചുള്ള സംവിധാനമാണെങ്കില്‍ ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും ഹാര്‍ഡ്‌വേര്‍ മാത്രം ഉപയോഗിച്ചുള്ളതാണെങ്കില്‍ എളുപ്പം കൈകാര്യം ചെയ്യാനാവുന്നതാകണമെന്നും ടെന്‍ഡറില്‍ പറയുന്നു. ഹാര്‍ഡ് വേര്‍ ഉപയോ​ഗിച്ചുള്ളത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതോ റീച്ചാര്‍ജ് ചെയ്യാവുന്നതോ ആകണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.