Capturing Business 360°

മാഗ്‌നെറ്റിക് സ്ട്രിപ്പ് പതിപ്പിച്ച എടിഎം കാര്‍ഡുകള്‍ ഇന്നു രാത്രിമുതല്‍ അസാധു; നാളെ മുതല്‍ ഇടപാടുകള്‍ നടത്താനാകില്ല, ഇനി ഇവിഎം ചിപ്പ് കാര്‍ഡുകള്‍ മാത്രം

ന്യൂഏജ് ന്യൂസ്

കൊച്ചി: മാഗ്‌നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോ​ഗിച്ച്‌ രാജ്യത്ത് നാളെ മുതല്‍ ഇടപാടുകള്‍ നടത്താനാകില്ല. ‘ഇഎംവി’ എന്നു പേരുള്ള ‘ചിപ് ആന്‍ഡ് പിന്‍’ അധിഷ്‌ഠിത കാര്‍ഡുകള്‍ക്കു മാത്രമാണു നാളെമുതല്‍ സാധുത. എടിഎം കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നും ഇഎംവി ചിപ് കാര്‍ഡ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എടിഎമ്മുകളില്‍ ഉപയോഗിക്കാവൂ എന്നുമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ കാര്‍ഡുകള്‍ മാറ്റിക്കൊടുക്കാന്‍ തുടങ്ങിയിരുന്നെങ്കിലും മുഴുവന്‍ ഉപഭോക്താക്കളിലേക്കും പുതിയ കാര്‍ഡ് എത്തിക്കാനായിട്ടില്ല. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഇനിയും മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡിലേക്ക് റാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാര്‍ഡുകള്‍ നാളെ കൂട്ടത്തോടെ അസാധുവാകുമോ എന്ന ചോദ്യത്തിന് ബാങ്കുകള്‍ക്കും ഉത്തരമിമില്ല. ആര്‍ബിഐ മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ നിര്‍ദേശം കൃത്യമായി പാലിക്കാത്തതാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണമായത്.

കാര്‍ഡ് മാറ്റിയെടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും പഴയ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകുമെന്ന് ചില ബാങ്ക് അധികൃതര്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയില്ലാതെ ഇത് സാധ്യമാകുമോ എന്ന് വ്യക്തമല്ല. ആര്‍ബിഐയില്‍ നിന്ന് ബാങ്കുകള്‍ സമയപരിധി നീട്ടിവാങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല.

ഉപഭോക്താക്കള്‍ക്ക് പുതിയ ഇഎംവി ചിപ് കാര്‍ഡിനായി ഡിസംബര്‍ 31 വരെ അപേക്ഷിക്കാമെന്നും ഇവര്‍ക്ക് തികച്ചും സൗജന്യമായി കാര്‍ഡ് ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചിരുന്നു. ജനുവരി 1നു ശേഷം അപേക്ഷിക്കുന്ന കാര്‍ഡുകള്‍ക്ക് ലേറ്റ് ഫീസ് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ‘മൈക്രോ പ്രൊസസര്‍ ചിപ്’ അടങ്ങിയ പുതിയ കാര്‍ഡ് ഉപയോ​ഗിക്കുന്നതുവഴി ‘ക്‌ളോണിങ്’, ‘സ്‌കിമ്മിങ്’ തുടങ്ങിയ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഒഴിവാക്കുകയാണു ആര്‍ബിഐ ലക്ഷ്യമിടുന്നത്.