Capturing Business 360°

വേൾഡ് മലയാളി ഫെഡറേഷന്റെ ‘കേരള മീറ്റ് 2018’ സംഗമം ഡിസംബർ 30ന് കൊച്ചിയിൽ

ന്യൂഏജ് ന്യൂസ്

കൊച്ചി: പ്രമുഖ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ ‘കേരള മീറ്റ് 2018’ സംഗമം ഡിസംബർ 30ന് കൊച്ചിയിൽ നടക്കും. ഇക്കഴിഞ്ഞ പ്രളയത്തെ അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയേകിക്കൊണ്ട് ‘നാം ഒരുമിച്ച് കേരളത്തിനൊപ്പം’ എന്ന എന്ന ആശയവുമായാണ് ‘കേരള മീറ്റ് 2018’ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം രാവിലെ 9:30 ന് പി.ടി. തോമസ് എംഎൽഎ നിർവഹിക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. പ്രളയത്തെ വിജയകരമായി അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിനുള്ള സമർപ്പണമായ സുവനീർ പ്രകാശനം നടനും സംവിധായകനുമായ മധുപാൽ നിർവഹിക്കും. പ്രളയ ബാധിത മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച വിവിധ മേഖലകളിൽ നിന്നുള്ളവരെ ചടങ്ങിൽ ആദരിക്കും.

2017 ലെ ഓഖി ദുരന്തത്തെത്തുടർന്നും ഈ വർഷത്തെ പ്രളയത്തെത്തുടർന്നും വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാനത്ത് നടത്തിയ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ പൂർത്തീകരണവും ഔദ്യോഗിക പ്രഖ്യാപനവും കേരള മീറ്റിനോടനുബന്ധിച്ചുണ്ടാവും. പ്രളയബാധിതരായ അഞ്ച് കുടുംബങ്ങൾക്കാണ് സംഘടന വീടുകൾ നിർമ്മിച്ച് നൽകുന്നത്. പണിപൂർത്തിയായ വീടുകളുടെ താക്കോൽദാനം 30ന് നടക്കും. വേൾഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ, നമീബിയ, ഹങ്കറി, ഫ്രാൻസ്, കൊൽക്കത്ത, മാൾട്ട യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്. അർഹരായ കൂടുതൽ പേരെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് സംഘടനയെന്ന് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, സ്വാഗതസംഘം ചെയർമാൻ വി.എം. സിദ്ദിഖ്, ജനറൽ കൺവീനർ ആനി ലിബു , കോ-ഓർഡിനേറ്റർ റഫീഖ് മരക്കാർ എന്നിവർ അറിയിച്ചു.