Capturing Business 360°

ആര്‍ബിഐയില്‍ സര്‍ക്കാര്‍ പിടിമുറുക്കുമോ? – എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

രാജ്യത്തെ കേന്ദ്രബാങ്കായ ആര്‍ബിഐ യെ ചുറ്റിപ്പറ്റിയുളള സര്‍ക്കാര്‍ നിലപാടുകളും നീക്കങ്ങളും നാളുകളായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. രഘുറാം രാജന്‍ ഗവര്‍ണ്ണര്‍ പദവി വിട്ടൊഴിഞ്ഞതു തന്നെ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഫലമായാണെന്നു തന്നെയാണ് വിലയിരുത്തുന്നത്. സ്വയം ഭരണസ്ഥാപനമായ ആര്‍ബിഐയുടെ സ്വതന്ത്രാധികാരം കവരുന്ന വിധം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഇടപെടല്‍ തുടര്‍ന്നതോടെയാണ് ധനമന്ത്രാലയവും ആര്‍ബിഐയും തമ്മിലുളള ശീതസമരം മൂര്‍ച്ഛിച്ചത്. ഊര്‍ജ്ജിത്പട്ടേല്‍ തുടക്കം മുതല്‍ കാട്ടിയ വിധേയത്വം സമ്മര്‍ദ്ദത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഡിമോണിറ്റൈസേഷനടക്കമുളള കാതലായ തീരുമാനങ്ങളില്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു മുമ്പില്‍ ആര്‍ബിഐ വഴങ്ങുകയായിരുന്നുവെന്നതാണ് പിന്നീട് വ്യക്തമായത്. പിന്നീട് ആര്‍ബിഐയുടെ വായ്പാനയതീരുമാനങ്ങളില്‍ തന്നെ സര്‍ക്കാര്‍ ഭാഗത്തു നിന്നുളള സമ്മര്‍ദ്ദ ശ്രമങ്ങളുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ആര്‍ബിഐ കരുതല്‍ ധനം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് റിസര്‍വ്വ് ബാങ്ക് നിരാകരിച്ചതോടെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്നും ഉര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടര്‍ന്നിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ സമവായത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് ഉണ്ടായത്. രാജിവാര്‍ത്തയെത്തിയത് തീരെ പ്രതീക്ഷിക്കാതെയുമാണ്.

സമ്പദ് ഘടനയിലെ നിലവിലെ സങ്കീര്‍ണ്ണതയുടെ അടിസ്ഥാനം നയപരിഷ്‌കരണത്തില്‍ ഉണ്ടായ പാളിച്ചയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഊര്‍ജ്ജിത് രാജിവെച്ചൊഴിയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ സംബന്ധിച്ച് ഇതൊരു പ്രഹരമാകുന്നുണ്ട്. വളരെ വേഗം തന്നെ മുന്‍ധനകാര്യസെക്രട്ടറി കൂടിയായ ശക്തികാന്ത് ദാസിനെ ആര്‍ബിഐ ഗവര്‍ണ്ണറായി നിയമിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഇന്നത്തെ പ്രതേ്യക സാഹചര്യങ്ങള്‍ തന്നെയാണ്. കറന്‍സി പിന്‍വലിക്കലിന്റെ ഘട്ടത്തില്‍ സര്‍ക്കാരിന്റെ വക്താവെന്ന നിലയില്‍ പ്രവര്‍ത്തിച്ച ശക്തികാന്ത് തന്നെ ആര്‍ബിഐ തലപ്പത്ത് അവരോധിതനാകുമ്പോള്‍ അതില്‍ സര്‍ക്കാരിന് ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടാവാതെ തരമില്ല. സര്‍ക്കാര്‍ നയങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുന്ന ആള്‍ തന്നെ ആര്‍ബിഐ ഗവര്‍ണ്ണര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ആര്‍ബിഐ നയവും സര്‍ക്കാര്‍ നയവും എത്രമാത്രം വിഭിന്നമാവും എന്നതാണ് ആലോചിക്കേണ്ടത്. ആര്‍ബിഐ യെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എത്രത്തോളം അനുവദിക്കുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

ശക്തികാന്ത് കേന്ദ്രനയങ്ങള്‍ക്ക് ഒപ്പമാവാനാണ് സാദ്ധ്യത – പി.രാധാകൃഷ്ണന്‍ നായര്‍

കേന്ദ്രസര്‍ക്കാരില്‍ തന്നെ ധനകാര്യ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തനപരിചയമുളള ശക്തികാന്ത് ദാസ് കറന്‍സി പിന്‍വലിക്കലടക്കമുളള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെശക്തിയുക്തം പിന്തുണച്ചുപോന്നിട്ടുണ്ട്. ഡിമോണിറ്റൈസേഷന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ സമ്പദ് രംഗത്ത് നിശ്ചയമായും ഉണ്ടാവുമെന്ന് അദ്ദേഹം പലകുറി ആവര്‍ത്തിച്ചിരുന്നു. ആര്‍ബിഐ പോലുളള ഒരു സംവിധാനത്തിന്റെ നേതൃത്വത്തിലെത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ നിലപാടുകള്‍ തന്നെയാണ്. ആര്‍ബിഐ യുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഗവര്‍ണ്ണറുടെ മാത്രം താല്പര്യാര്‍ത്ഥം നയിക്കാവുന്നതല്ലെങ്കിലും പ്രധാന നയതീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന് മുഖ്യസ്ഥാനമാണുളളത്. അതിനാല്‍ തന്നെ തീരുമാനങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയുമെന്നതിലാണ് പ്രാധാന്യമുളളത്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതുതന്നെ.

ശക്തികാന്ത് മോദി സര്‍ക്കാരിന്റെ നയങ്ങളെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നുവെന്നതാണ് ഈ നിയമനത്തെ കൂടുതല്‍ വിമര്‍ശനത്തിലേക്ക് എത്തിച്ചത്. സാമ്പത്തിക രംഗത്ത് അത്ര പരിണതപ്രജ്ഞനല്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്രത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ പുതിയ ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍ അത് എത്രത്തോളം സര്‍ക്കാര്‍ അനുകൂലമാവുമെന്നതാണ് അറിയേണ്ടത്. ഒരു ബ്യൂറോക്രാറ്റ് എന്നതിലുപരി സാമ്പത്തിക രംഗത്ത് വ്യക്തമായ ധാരണകളില്ലാത്ത ശക്തികാന്തിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നതിനു പിന്നില്‍ നൂറുശതമാനവും സര്‍ക്കാര്‍ താല്പര്യം സാധിച്ചെടുക്കുകയെന്ന ലക്ഷ്യമാണുളളത്

(ബിസ്സിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

ആര്‍ബിഐ സര്‍ക്കാര്‍ താല്പര്യത്തിന്എതിരാവില്ലെന്ന് ഉറപ്പിക്കാം – ജോസഫ് തോമസ്

രാജ്യത്തെ അപെക്‌സ് ബാങ്കായ ആര്‍ബിഐ ഒരു സ്വതന്ത്രപരമാധികാര സ്ഥാപനമെന്ന നിലയ്ക്കാണ് പ്രവര്‍ത്തിച്ചുവരുന്നത്. നയങ്ങളും പോളിസികളും സമ്പദ് ഘടനയെ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കുന്നതിനായി രൂപീകരിക്കുന്നത് തികച്ചും സ്വതന്ത്രമായാണെങ്കില്‍ കൂടി പലപ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്നുളള പോളിസികളും നയങ്ങളുമൊക്കെ അതിനനുബന്ധമായി ഉണ്ടാകുകയാണ് ചെയ്യുന്നത്. ഫിസ്‌കല്‍, മോണിട്ടറി പോളിസികളിലൂടെയുളളള സഹവര്‍ത്തിത്വത്തിലാണ് സമ്പദ് ഘടന പുഷ്ടിപ്പെടുന്നത്.സര്‍ക്കാര്‍ ഭാഗത്തുനിന്നുളള യാതൊരു തരത്തിലുളള നിയന്ത്രണങ്ങളും ആര്‍ബിഐ യുടെ കാര്യത്തില്‍ പ്രസക്തമല്ലെന്നിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇപ്പോള്‍ ചില സമ്മര്‍ദ്ദനീക്കങ്ങള്‍ ഉണ്ടാകുന്നത്.

ബാങ്ക് ഇതരസ്ഥാപനങ്ങള്‍ക്കുളള വായ്പാ വ്യവസ്ഥകള്‍ സംബന്ധിച്ചും ആര്‍ബിഐ കരുതല്‍ ധനം സംബന്ധിച്ചുമൊക്കെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ യ്ക്ക് സ്വീകരിക്കാവുന്നവയായിരുന്നില്ല. കരുതല്‍ ധനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാരിന് കൈമാറാന്‍ ആര്‍ബിഐ തയ്യാറായാല്‍ അത് രാജ്യത്തിന്റെ റേറ്റിങ്ങ് ഇടിയാന്‍ കാരണമാകും. വിവിധ വായ്പാകളെടുക്കുന്നതില്‍ രാജ്യത്തിന് റേറ്റിങ്ങ് പ്രധാനമാണെന്നിരിയ്‌ക്കെ ഈ നടപടി സമ്പദ് രംഗത്ത് പ്രത്യാഘാതം തീര്‍ക്കും. ആര്‍ബിഐ യുടെ ബാലന്‍സ് ഷീറ്റിലുണ്ടാവുന്ന താരതമേ്യന ലഘുവായ ചലനം പോലും സമ്പദ് രംഗത്ത് വലിയ ഭീഷണിയുയര്‍ത്തും. ഇത് സാമ്പത്തിക ലോകത്ത് ചര്‍ച്ചാവിഷയമാണ്. ഡിസംബര്‍ 14- ലെ ആദ്യയോഗത്തില്‍ വിവാദവിഷയങ്ങളിലൊന്നും അഭിപ്രായം പറയാതിരുന്ന ശക്തികാന്ത് ദാസ് ഭരണം നടത്തുന്ന സര്‍ക്കാരിന്റെ പ്രധാന്യം എടുത്തുകാട്ടാന്‍ പ്രതേ്യകം ശ്രദ്ധിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പ്രചാരകനായ ശക്തികാന്ത്, സര്‍ക്കാര്‍ താല്പര്യം മുന്‍നിര്‍ത്തിയുളള നടപടികളാവും സ്വീകരിക്കുകയെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

തുടര്‍ന്നുളള തീരുമാനങ്ങള്‍ നിര്‍ണ്ണായകമാകും – കെ.ടി.ജോസഫ്

ആര്‍ബിഐ തലപ്പത്തുനിന്ന് ഊര്‍ജ്ജിത് പട്ടേല്‍ പടിയിറങ്ങിയത് ധനമന്ത്രാലയവുമായുളള ചില ഭിന്നതകളെ തുടര്‍ന്നായിരുന്നു. ഈ ഭിന്നതയ്ക്ക് കാരണമായ കാര്യങ്ങളില്‍ ഇനിയും തീരുമാനമുണ്ടാകേണ്ടതുണ്ട്. നിലവില്‍ ആര്‍ബിഐ അതിലേക്ക് കടന്നില്ലെങ്കിലും പിന്നീട് അങ്ങനെയുളള കാര്യങ്ങളിലും തീരുമാനത്തിലെത്തേണ്ടിവരും. അതില്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുളള സമിതിയുടെ തീരുമാനങ്ങള്‍ പ്രധാനമാണ്. ആദ്യ ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ വിവാദ വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ തയ്യാറായില്ലെന്നത് വിവാദത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെയാവും.

കരുതല്‍ ധനത്തില്‍ സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയും വിവാദത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്. ചര്‍ച്ചയാക്കാന്‍ സാദ്ധ്യതയുളള വിഷയങ്ങളില്‍ തല്‍ക്കാലത്തേക്ക് തീരുമാനം മരവിപ്പിച്ചു നിര്‍ത്താനാണ് കൂടുതല്‍ സാദ്ധ്യത. പ്രതേ്യകിച്ച് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും ശ്രമമുണ്ടാവുക. ആര്‍ബിഐ യില്‍ ഇനി തുടര്‍ന്നുണ്ടാവുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിര്‍ണ്ണായകമാവാനാണ് സാദ്ധ്യത.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)