Capturing Business 360°

പങ്കാളിത്ത വികസനത്തിന്റെ കരുത്തുറ്റ ദേശിയ മാതൃകയുമായി കോതമംഗലത്തെ ‘എന്റെ നാട്’ ജനകീയ കൂട്ടായ്മ – VIDEO

ന്യൂഏജ് ന്യൂസ്

ഇന്ത്യൻ അത്ലറ്റിക്സിന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ കൊത്തിവച്ച പേരാണ് കോതമംഗലം. ഹൈറേഞ്ചിന്റെ ഈ കവാട പട്ടണം ഇപ്പോൾ മറ്റൊരു ചരിത്ര ദൗത്യത്തിലാണ്. പങ്കാളിത്ത വികസനത്തിന്റെ കരുത്തുറ്റൊരു ദേശിയ മാതൃക ‘എന്റെ നാട്’ എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലത്തു സൃഷ്ടിക്കപ്പെടുകയാണ്.

ഷിബു തെക്കുംപുറം എന്ന പൊതു പ്രവർത്തകൻ ജീവിത ദൗത്യമെന്നോണം ഏറ്റെടുത്ത ഒരു ചെറിയ കൂട്ടായ്മയാണ് കോതമംഗലത്തെ ഗ്രാമ ഗ്രാമാന്തരങ്ങളിലും, നഗരപ്രാന്തങ്ങളിലും, പട്ടണങ്ങളിലും ഒക്കെ അതിവേഗം പടർന്നു കയറിയത്. കിഴക്കമ്പലത്തു ട്വന്റി ട്വന്റി ഉണ്ടാക്കിയ വിപ്ലവം എന്റെ നാടിനെ സ്വാധീനിച്ചിരിക്കാം. പക്ഷെ പദ്ധതികളുടെ വൈവിധ്യത്തിൽ, പങ്കാളിത്തത്തിന്റെ സ്വഭാവത്തിൽ, വളർച്ചയുടെ വേഗതയിൽ അത് ട്വന്റി ട്വൻറിയെപ്പോലും വിസ്മയിപ്പിച്ചു.

ഈയടുത്തു കോതമംഗലം പട്ടണത്തിൽ നടത്തിയ വനിതാ സംഗമത്തിലൂടെ ഈ കൂട്ടായ്മയുടെ ശക്തി പുറം ലോകമറിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന, അവരുടെ നാനാവിധ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന പദ്ധതികൾ എന്റെ നാടിനുണ്ട്. ഒരു ഭാഗത്തു കിടപ്പു രോഗികൾക്കും, ബന്ധുക്കൾക്കും ആശ്വാസമേകുന്ന പാലിയേറ്റിവ് കെയർ, മറുഭാഗത്തു വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്. സ്ത്രീകൾക്ക് തൊഴിൽ പരിശീലനം, വായ്പ എന്നിവയ്‌ക്കൊപ്പം വിപണന സഹായം. കൂരയില്ലാത്ത നിരവധിയാളുകൾക്കു വീടുകൾ. ചോർന്നൊലിക്കുന്നവയുടെ അറ്റകുറ്റപ്പണികൾ. ഉദ്യോഗാർത്ഥികൾക്കായി മെഗാ ജോബ് ഫെയർ, രോഗികൾക്ക് വിപുലമായ മെഡിക്കൽ ക്യാമ്പുകൾ.
യുവാക്കളുടെ ആവേശക്കൂട്ടയ്മയായി ടീം10. കോതമംഗലത്തെ പച്ച പുതപ്പിക്കാൻ നിരവധി യജ്ഞങ്ങൾ. സർക്കാരിന്റെ സഹായമില്ല. പുറത്തുനിന്നും ഫണ്ടിങ്ങില്ല. അങ്ങനെ ഒരുപാടു പ്രത്യേകതകളുണ്ട് എന്റെ നാടിന്.

സമ്പൂർണ പങ്കാളിത്ത വികസനമാണ് എന്റെ നാടിന്റെ ലക്‌ഷ്യം. കൂട്ടായ്മയുടെ ഭാഗമാകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നു. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്റെ നാടിനോട് അകലം പാലിക്കുന്നു. ഇതിൽ രാഷ്ട്രീയമുണ്ടെന്നു പറയുന്നു. അസഹിഷ്ണുത കാട്ടുന്നു. എന്റെ നാട് ഒരു നല്ല മാതൃകയും, പാഠവുമാണ്. നല്ല നേതൃത്വമുണ്ടെങ്കിൽ, ആ നേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിൽ അതിലെ ആത്മാർത്ഥത ആളുകൾ തിരിച്ചറിയും. അവർ ഒരുമിച്ചു നിൽക്കും. അവരുടെ ആവേശം അണപൊട്ടും, അത് പുഴയാവും, കടലാകും.

നോക്കിക്കൊള്ളൂ, കോതമംഗലം വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാതിരിക്കില്ല. വീഡിയോ കാണാം