Capturing Business 360°

ഗോള്‍ഡ് ഇടിഎഫുകള്‍ പ്രൗഢി വീണ്ടെടുക്കുമോ? – എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

രാജ്യത്ത് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് വലിയ സ്വീകാര്യതയും ആവശ്യകതയുമുളള നാളുകളുണ്ടായിരുന്നു. 2008 മുതല്‍ 2013 വരെയുളള കാലം ഗോള്‍ഡ് ഇടിഎഫ് മേഖലയുടെ ശ്രദ്ധേയമായ വളര്‍ച്ചയുടെ കാലം തന്നെയായിരുന്നു. എന്നാല്‍ ഇന്ന് നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫിനെ കൈയ്യൊഴിയുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നിന്ന് 835 കോടി രൂപ നിക്ഷേപകര്‍ പിന്‍വലിച്ചതായാണ് കണക്കാക്കുന്നത്. ഈ പ്രവണത തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും തുടരുകയാണ്.

നിക്ഷേപം പിന്‍വലിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 12 ശതമാനത്തിന്റെ ഇടുവുണ്ടായതായാണ് കണക്കാക്കുന്നത്. 2013 ഫെബ്രുവരി മുതല്‍ക്ക് ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറ്റം ആരംഭിച്ചിരുന്നു. എന്നാല്‍ 2012 വരെയാണ് ഗോള്‍ഡ് ഇടിഎഫുകളുടെ പ്രതാപകാലമായി കണക്കാക്കാവുന്നത്. നിക്ഷേപകര്‍ ഏറെ വിശ്വാസം പുലര്‍ത്തിയ ഇക്കാലയളവില്‍ നിക്ഷേപം വളരെ ശക്തവുമായിരുന്നു. പിന്നീട് മറ്റ് നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ശക്തമായിമാറിയതും പരമ്പരാഗത നിക്ഷേപമാര്‍ഗ്ഗങ്ങളായ സ്വര്‍ണ്ണം, ഭൂമി എന്നിവയില്‍ നിന്നും ഷെയര്‍ മാര്‍ക്കറ്റിലേക്ക് നിക്ഷേപകര്‍ ചുവടുമാറ്റിയതും ് ഇടിഎഫുകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

ഗോള്‍ഡ് ഇടിഎഫില്‍ നിന്നുളള വാര്‍ഷികാദായത്തില്‍ കുറവുവന്നതും നിക്ഷേപം കുറയാനുളള പ്രധാന കാരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗോള്‍ഡ് ഇടിഎഫുകളില്‍ വ്യാപാരം കുറയുകയാണ്. അതേസമയം, ഷെയര്‍ മാര്‍ക്കറ്റില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു. ഓഹരി അധിഷ്ഠിത നിക്ഷേപ മാര്‍ഗ്ഗങ്ങളിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. സ്വര്‍ണ്ണം പല സന്ദര്‍ഭങ്ങളിലും അതിന്റെ വിലനിലവാരത്തില്‍ കയറ്റിറക്കങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെങ്കിലും ആവശ്യകതയില്‍ വലിയ മാറ്റം വരുന്നില്ലെന്നത് പ്രധാനമാണ്. പ്രശ്‌ന രഹിതമായ സാമ്പത്തിക സാഹചര്യങ്ങളില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് നിറം മങ്ങുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന്റെ പൂര്‍വ്വകാലപ്രൗഢിയിലേക്ക് തിരിച്ചെത്താനുളള സാദ്ധ്യതയും തളളിക്കളയാനാകില്ല.

സമ്പദ് രംഗത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ല – ജോയ് ഫിലിപ്പ്

ഇന്ത്യന്‍ സമ്പദ് രംഗത്ത് നിലവിലുളള സാഹചര്യങ്ങള്‍ ഗോള്‍ഡ് ഇടിഎഫിന് അനുകൂലമല്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഈ മേഖലയില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറുകയാണ്. നിക്ഷേപത്തില്‍ നിന്നുളള ആദായത്തില്‍ ഇടിവുണ്ടാകുന്നത് പിന്മാറ്റത്തിനു പ്രേരണയായിട്ടുണ്ട്. സ്വര്‍ണ്ണം, യഥാര്‍ത്ഥത്തില്‍ ഒരു ഡെഡ് ഇന്‍വെസ്റ്റ്‌മെന്റാണെങ്കിലും പ്രശ്‌നസമയങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലേക്ക് മാറുന്നുണ്ട്. എന്നാല്‍ പ്രശ്‌നരഹിത സമ്പദ് വ്യവസ്ഥയില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടാകാറില്ല. പൊളിറ്റിക്കല്‍ അല്ലെങ്കില്‍ ഇക്കണോമിക്കലായ സന്നിഗ്ദ്ധഘട്ടങ്ങളില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് പ്രാധാന്യം കൈവരുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഒഴിയുമ്പോള്‍ സ്വാഭാവികമായും ഡിമാന്‍ഡ് ഇടിയുകയുമാണ് ചെയ്യുക. സ്റ്റോക്ക് മാര്‍ക്കറ്റിലും മ്യൂച്ചല്‍ ഫണ്ടിലുമൊക്കെ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിക്കുന്ന സാഹചര്യമാണുളളത്. ഇത് ഒരു സ്ഥിരം രീതിയാവണമെന്നില്ല. നിലവില്‍ രാജ്യത്ത് സമ്പദ് രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇത് നിക്ഷേപത്തിന്റെ കാര്യത്തിലും സ്വാധീനിക്കുന്നുണ്ട്. മ്യൂച്ചല്‍ ഫണ്ടുകളിലും മറ്റും വളര്‍ച്ചയുണ്ടായിട്ടുണ്ട്.

(ബിസിനസ്സ് ദീപികയുടെ എഡിറ്ററാണ് ലേഖകന്‍)

പ്രതിസന്ധിയിലും മാന്ദ്യത്തിലും ഡിമാന്റ് ഉണ്ടാകും – കെ.ടി.ജോസഫ്

രാജ്യത്ത് ഓഹരിയിലും മറ്റ് ഇതര നിക്ഷേപമാര്‍ഗ്ഗങ്ങളിലും തകര്‍ച്ച നേരിട്ടകാലമുണ്ടായിരുന്നു. അന്ന് സ്വാഭാവികമായും മറ്റ് റിയല്‍എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ്ണത്തിലുമാണ് നിക്ഷേപകര്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. അന്ന് ഗോള്‍ഡ് ഇടിഎഫിലും കൂടുതല്‍ നിക്ഷേപമെത്തിയിരുന്നു. 2013 ആദ്യം വരെ ഈ സ്ഥിതി തുടര്‍ന്നിരുന്നു. പിന്നീട് സ്വര്‍ണ്ണത്തിലുളള നിക്ഷേപസാദ്ധ്യതകള്‍ക്ക് കാര്യമായ മങ്ങലേറ്റു. ഗോള്‍ഡ് ഇടിഎഫിനും ഇതു ബാധിച്ചു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്ന് 885 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതായാണ് വ്യക്തമാക്കുന്നത്. ഇത് സമ്പദ് രംഗം വലിയ പ്രശ്‌നങ്ങളില്ലാതെ തുടരുന്നതുകൊണ്ട് ഇതില്‍ ഇനിയും പിന്‍വലിയല്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വീണ്ടും മാന്ദ്യത്തിന്റെ സമയത്ത് നിക്ഷേപകര്‍ വീണ്ടുമെത്തുമെന്നു തന്നെയാണ് കരുതുന്നത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

സ്വര്‍ണത്തിന്റെ മൂല്യം സ്ഥിരമായി നഷ്ട്മാകുന്നില്ല – ജോസഫ് കാട്ടേത്ത്

സ്വര്‍ണം ഒരു നിക്ഷേപം എന്ന നിലയ്ക്ക് കാലങ്ങളായി വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ നമുക്കിടയില്‍ ഏറെയുണ്ട്. അത് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമായി കാണുന്നവരുമുണ്ട്. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ഒട്ടും ഉല്പാദനക്ഷമമല്ലെന്ന വീക്ഷണമാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ ധനകമ്മിയും വ്യാപാരക്കമ്മിയുമൊക്കെ കുത്തനെ ഉയര്‍ത്തുന്നത് സ്വര്‍ണവും ക്രൂഡ് ഓയിലും അമിതമായി ഇറക്കുമതി ചെയ്യുന്നത് വഴിയാണെന്ന പരാതിയും വ്യാപകമായുണ്ട്. എങ്കിലും സ്വര്‍ണത്തിന്റെ നിക്ഷേപമൂല്യം സ്ഥിരമായി ഇടിയുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന്റെ വിലയില്‍ ഇടിവുണ്ടാകുമെങ്കിലും അതില്‍ വലിയ തകര്‍ച്ച ഉണ്ടാകുന്നില്ല. 2008ലെയോ 2006ലെയോ വിലനിലവാരത്തിലേക്ക് സ്വര്‍ണവില ഇടിയുമെന്നു കരുതാനാകില്ല. ഗോള്‍ഡ് ഇടിഫുകളില്‍ നിന്ന് പിന്മാറ്റമുണ്ടാകുന്നുണ്ട്. ഓഹരിയും മ്യൂച്ചല്‍ ഫണ്ടും കൂടുതല്‍ കരുത്ത് നേടിയിട്ടുണ്ട്. സ്വര്‍്ണത്തിലും റിയല്‍ എസ്സ്‌റ്റേറ്റിലും മുന്നേറ്റമുണ്ടായിട്ടില്ലെന്നതും ഇന്നത്തെ ട്രെന്‍ഡിന് തെളിവാണ്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)