Capturing Business 360°

തുടര്‍ച്ചയായ ബാങ്ക് അവധി: യുപിഐ ഉപയോഗിച്ചുളള തട്ടിപ്പുകള്‍ക്ക് കൂടുതല്‍ സാധ്യത, മുന്നറിയിപ്പുമായി പൊലീസ്

ന്യൂഏജ് ന്യൂസ്

തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകളെ ബാധിക്കുന്നതിനൊപ്പം, തട്ടിപ്പുകള്‍ക്കും സാധ്യതയെന്ന് മുന്നറിയിപ്പുമായി പൊലീസ്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.

ബാങ്കുകള്‍ കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടാറില്ലെന്നും ഇങ്ങനെ ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും, ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ് വ്യക്തമാക്കി.

തട്ടിപ്പുകള്‍ക്ക് ഇരയാവുന്ന ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍നിന്ന് കാശ് നഷ്ടപ്പെടുന്നത് മനസിലായാലും കാള്‍സെന്റര്‍ മുഖാന്തിരം തടയാനാവില്ലെന്നതാണ് തട്ടിപ്പുകാര്‍ക്ക് അനുകൂലമാവുന്നത്. ബാങ്കിങ് കാള്‍ സെന്റര്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്താലും യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തിരമുള്ള ഇടപാടുകള്‍ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് യഥേഷ്ടം നടത്താനാകും.

ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവര്‍ക്ക് യാതൊരുവിധ വിവരങ്ങളും നല്‍കാതിരിക്കുകയാണ് ഏക പോംവഴിയെന്ന് കമീഷണര്‍ വ്യക്തമാക്കി. ഇവര്‍ നല്‍കുന്ന എസ്എംഎസ്സുകള്‍ മറ്റ് നമ്പരുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ മാത്രമേ അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെടുന്നത് തടയാനാകുകയുള്ളുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ബാങ്കില്‍നിന്നെന്ന് അവകാശപ്പെട്ടാണ് ഉപഭോക്താവിന് ഫോണ്‍ വരുന്നത്. വിളിക്കുന്നയാള്‍ ഉപഭോക്താവിന്റെ പേരും ബാങ്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളും കൃത്യമായി പറയും. തുടര്‍ന്ന് ചിപ്പ് പതിപ്പിച്ച പുതിയ ഡെബിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന്റെ ഭാഗമായി ഒരു എസ്എംഎസ് ഫോണിലേക്ക് അയച്ചുതരുന്നത് മറ്റൊരു നമ്പരിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.

അതിനുശേഷം ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്ന ഒരു വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) ചോദിച്ച് മനസ്സിലാക്കും. ഇത് എംപിന്‍ ക്രിയേറ്റ് ചെയ്യുന്നതിന് യുപിഐ നല്‍കുന്നതാണ്. ഇവ ചെയ്യുന്നതോടുകൂടി തട്ടിപ്പ് നടത്തുന്നയാള്‍ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് യുപിഐ ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യും. ഇതോടെ അയാള്‍ക്ക് നമ്മുടെ അക്കൗണ്ടിലെ കാശ് ഇഷ്ടമുള്ള രീതിയില്‍ വിനിയോഗിക്കാനാകും. ഇത്രയും ചെയ്തതിന് ശേഷം മറ്റ് മൊബൈല്‍ വാലറ്റുകളിലേക്ക് നമ്മുടെ അക്കൗണ്ടിലുള്ള കാശ് മുഴുവന്‍ മാറ്റുകയാണ് ഇവര്‍ ചെയ്യാറുള്ളത്.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റ് തീരുമാനത്തെ ചോദ്യം ചെയ്ത് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫഡറേഷന്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. ഡിസംബര്‍ 21ന് പുറമേ ഡിസംബര്‍ 26നും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ മറ്റ് ചില ദിവസങ്ങളിലും വിവിധ കാരണങ്ങളാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് ഇടപാടുകളെ ബാധിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുന്‍പായി സമരനേതാക്കളുമായി ചര്‍ച്ച നടത്തി അധികൃതര്‍ പ്രശ്നം പരിഹരിച്ചില്ലായെങ്കില്‍ ഈ ദിവസവും ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. രണ്ടാമത്തെ ശനിയാഴ്ച എന്ന നിലയില്‍ 22ന് ബാങ്കുകള്‍ക്ക് അവധിയാണ്.

23 ഞായറാഴ്ച ,25 ക്രിസ്മസ് എന്നിങ്ങനെ മറ്റു അവധികളും ഇതൊടൊപ്പം വരുന്നതിനാല്‍ തുടര്‍ച്ചയായ അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും. 24ന് തിങ്കളാഴ്ച മാത്രമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. എന്നാല്‍ അന്ന് പ്രവര്‍ത്തനം നാമമാത്രമായിരിക്കുമെന്നാണ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത്. തുടര്‍ച്ചയായ അവധി എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.