Capturing Business 360°

ജിസാറ്റ്‌ 7എ യുടെ വിക്ഷേപണ വിജയം മായ്ച്ചുകളയുന്നത് കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ആത്മാഭിമാനത്തിനേറ്റ മുറിവിനെ; ‘ജിസാറ്റ്‌ 7 എയും കാർഗിലും പിന്നെ ഇസ്രയേലും’: രഞ്ജിത് ജോർജ് എഴുതുന്നു

ന്യൂഏജ് ന്യൂസ്

ഇന്ത്യയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണങ്ങൾ വിജയകരമാകുന്നത് സർവ്വസാധാരണമായതോടെ അത് ഇപ്പോൾ അത്ര വാർത്താപ്രാധാന്യമുള്ള സംഭവമല്ല. അതുകൊണ്ടു തന്നെ ജി സാറ്റ് 7എ വിക്ഷേപണം വിജയകരമായ വാർത്ത സാധാരണ ഗതിയിൽ അത്രയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരന്തരമായി ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തുകയും വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്ന ഇസ്രോയ്ക്ക് ഇതും അതിലൊന്ന് മാത്രം. എന്നാൽ ഇന്നലത്തേത് അത്തരത്തിൽ തികച്ചും സാങ്കേതികമായൊരു വിജയം മാത്രമായിരുന്നില്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം. ചരിത്രവുമായി കൂട്ടിവായിക്കാൻ സാധിച്ചാലേ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ഏടിലെ ഇന്നലത്തെ ഇന്ത്യൻ വിജയത്തിന്റെ തിളക്കം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകൂ. ആ ചരിത്രം അറിയാൻ ഒരുപാട് പുറകിലേക്ക് ഒന്നും പോകേണ്ട, 19 വർഷങ്ങൾക്ക് മുൻപുള്ള, അതായത് 1999-ലെ കാർഗിൽ യുദ്ധത്തിന്റെ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നാൽ മതീ… സൈനികാവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങളെക്കുറിച്ചും ബഹിരാകാശ സാങ്കേതിക വിദ്യകളുടെ ആവശ്യകതെയെക്കുറിച്ചും ഇന്ത്യയെ ചിന്തിപ്പിച്ച ആ ചരിത്രം അറിഞ്ഞിരിക്കണം.

കാർഗിലിൽ അതിശൈത്യത്തിന്റെ നാളുകളിൽ ഇന്ത്യൻ സൈനികർ അതിർത്തി പോസ്റ്റുകളിൽ നിന്നും പിന്മാറിയ സമയത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളും ഇന്ത്യൻ പോസ്റ്റുകളും പിടിച്ചടക്കിയ പാകിസ്താനെ ഇന്ത്യൻ സൈന്യം നേരിട്ട സംഭവം ഓർമയില്ലേ? ആ വിജയത്തിന്റെ പിന്നിലെ ചില അറിയാ കഥകളുണ്ട്. ആ കഥയാണ് ഇന്നലത്തെ വിക്ഷേപണത്തിലേക്ക് ഇന്ത്യയെ നയിച്ചത് എന്ന് വേണമെങ്കിൽ പറയാം. ഭീകരവാദത്തിന്റെ പുതിയൊരു പോർമുഖം തുറക്കുകയായിരുന്നു പാകിസ്ഥാൻ അന്ന് കാർഗിലിൽ. പാകിസ്താന്റെ നുഴ്ഞ്ഞുകയറ്റം തിരിച്ചറിയാൻ ഇന്ത്യയും ഏറെ വൈകിപ്പോയി. അപ്പോഴേക്കും ഉയർന്ന പ്രദേശങ്ങൾ പലതും അവർ കൈക്കലാക്കിയിരുന്നു. ഉയരത്തിലിരുന്ന ശത്രുവിനെ നേരിടാൻ ഇന്ത്യൻ സൈന്യം അന്ന് നന്നായി വിഷമിച്ചു. ഏറ്റവുമധികം ബുദ്ധിമുട്ട് നേരിട്ടത് ഇന്ത്യൻ വ്യോമസേനാ ആയിരുന്നു. ശത്രുവിനെതിരെ കൂടുതൽ ഉയരത്തിൽ പറക്കേണ്ടി വന്ന വ്യോമസേനയുടെ ഫൈറ്റെർ വിമാനങ്ങൾക്ക് പ്രവർത്തന ക്ഷമതയിൽ ഉണ്ടായ കുറവും ശത്രു ലൊക്കേഷൻ കണ്ടെത്തുന്നതിൽ വന്ന സാങ്കേതിക അപര്യാപ്തതയും മൂലം പാകിസ്ഥാൻ സൈന്യത്തെ വേണ്ടവിധം പ്രതിരോധിക്കാൻ വ്യോമസേനക്ക്‌ സാധിച്ചില്ല. ലക്ഷ്യം തെറ്റി വീണ ബോംബുകൾ ഇന്ത്യൻ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തുടക്കത്തിൽ വലിയ നഷ്ടങ്ങൾ നാം കാർഗിൽ യുദ്ധഭൂമിയിൽ നേരിട്ടു. പോരാട്ടം കനക്കുന്നത് കണ്ട ഇന്ത്യൻ ഭരണ നേതൃത്വം അപകടം മണത്തു.

അടിയന്തിരമായി ശത്രുവിന്റെ ലൊക്കേഷൻ ട്രേസ് ചെയ്യുന്നതിനായി ജിപിഎസ് അക്സസ്സ് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിക്കുന്നു. എന്നാൽ 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് മുൻപ് തീവ്രവാദം ഗൗരവമായി കാണാതിരുന്ന അമേരിക്ക പാക്കിസ്ഥാൻ പക്ഷത്തോട് അടുത്ത് ഇന്ത്യയുടെ ആവശ്യം നിഷേധിച്ചു. അടിയന്തിര സഹായാവശ്യവുമായി ഇന്ത്യൻ സന്ദേശം പല ലോകനേതാക്കളുടെ മുൻപിലും എത്തി. പക്ഷെ അനുകൂലമായ മറുപടി മാത്രം എവിടെനിന്നും കിട്ടിയില്ല. ആ സമയത്താണ് സ്വന്തമായി പൊസിഷനിംഗ് സിസ്റ്റവും സൈനിക ഉപഗ്രഹങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇന്ത്യ മനസ്സിലാക്കിയത്. അതിനെ തുടർന്നുള്ള പ്രവർത്തനങ്ങളാണ് ആദ്യം നേവിക്കും ഇപ്പോൾ വ്യോമസേനയ്ക്കും വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണം. ഒപ്പം ഐആർഎൻഎൻഎസ് എന്ന ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനവും. ബഹിരാകാശത്ത് വ്യോമസേനയുടെ വാര്‍ത്താ വിനിമയ സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ജിസാറ്റ് 7എ ഇന്ത്യൻ സൈന്യത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല എന്നുറപ്പ്. ഇനിയൊരു അടിയന്തിര ഘട്ടത്തിൽ മറ്റൊരു രാജ്യത്തിന്റെയും സൈനിക സാങ്കേതിക സഹായങ്ങൾ ഇന്ത്യൻ സൈന്യത്തിന് വേണ്ടി വരില്ല… നാം അത്രത്തോളം സ്വയം പര്യാപ്തത നേടിയിരിക്കുന്നു. നേട്ടങ്ങൾ പൂർണമായി എന്ന് പറയാൻ സാധിക്കില്ല എങ്കിലും..

ആവേശകരമായ ആ യുദ്ധ ചരിത്രത്തിലെ അണിയറ ട്വിസ്റ്റ് കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ അടിയന്തിര സഹായ ആവശ്യം ലഭിച്ചവരിൽ ഇസ്രയേലിന്റെ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബെഞ്ചമിൻ നെതന്യാഹുവും ഉണ്ടായിരുന്നു. ഇന്ത്യയുടെ നീക്കം തടയാൻ വാജ്‌പേയിയുടെ ആവശ്യം നിരസിക്കണമെന്ന് യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സ്ഥാനമൊഴിയുന്ന നെതന്യാഹു ഇന്ത്യൻ ആവശ്യം തള്ളുമെന്ന് എല്ലാവരും കരുതി. എന്നാൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി എല്ലാ ഭീഷണികളെയും മറികടന്ന്, യുഎസിന്റെ അതിശക്തമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇസ്രായേൽ ഇന്ത്യയ്ക്ക് നേരെ കൈനീട്ടി. തങ്ങളുടെ എക്കാലത്തെയും മികച്ച സുഹൃത്തിനെ ആപത് ഘട്ടത്തിൽ കൈവിടാൻ ഇസ്രായേലിന് കഴിയുമായിരുന്നില്ല. പിന്നീടങ്ങോട്ട് ലോകം കണ്ടത് ആരെയും ത്രസിപ്പിക്കുന്ന നിമിഷങ്ങൾ. അമേരിക്കൻ സാങ്കേതിക വിദ്യയെ വെല്ലുന്ന മികവോടെ ഇസ്രായേൽ ആയുധങ്ങൾ ഇന്ത്യൻ സൈന്യത്തിനൊപ്പം പാകിസ്താനെ വിറപ്പിച്ചു. ഇനിയുള്ളതെല്ലാം ഇന്ത്യൻ വിജയത്തിന്റെ ചരിത്രമാണ്…

തങ്ങളുടെ യഥാർത്ഥ സുഹൃത്തിനെ ഇന്ത്യ തിരിച്ചറിഞ്ഞ അവസരം കൂടിയായി കാർഗിൽ യുദ്ധം.. അന്ന് ഇസ്രായേൽ നൽകിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും അതിനുമപ്പുറവും ഇന്ത്യ ഇന്ന് സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ആ യുദ്ധമാണ് സൈനികവിഭാഗങ്ങൾക്ക് വേണ്ടി ഇന്ന് ഇന്ത്യ നടത്തുന്ന ബഹിരാകാശ വിക്ഷേപങ്ങൾക്ക് അടിസ്ഥാനമായും ഭവിച്ചത്. ഇസ്രോ അത് ഏറ്റവും ഭംഗിയായി, അഭിനന്ദനാർഹമായി പൂർത്തിയാക്കിയിരുന്നു. ജിസാറ്റ് 7എ ഇന്ത്യൻ ബഹിരാകാശ, സൈനിക ചരിത്രത്തിലെ അവിസ്മരണീയ നേട്ടം തന്നെ.