Capturing Business 360°

ജിഡിപി നിരക്കില്‍ ഉണ്ടായ തിരിച്ചടി – ന്യൂഏജ് എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രാജ്യത്ത് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.1 ലേക്ക് താഴ്ന്നതായി വളര്‍ച്ചാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വളര്‍ച്ചാ നിരക്ക് 7.4 ലെത്തുമെന്ന പ്രതീക്ഷ തകിടം മറിച്ചുകൊണ്ടാണ് ജിഡിപി നിരക്ക് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ചാ നിരക്ക് 6.3 ലെത്തിയിരുന്നു. ജിഎസ് ടിയും ഡീമോണിറ്റൈസേഷനുമാണ് അന്ന് തിരിച്ചടിയായത്. വളര്‍ച്ച ഇക്കുറി മെച്ചപ്പെടുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടാണ് കണക്കുകള്‍ പുറത്തുവന്നിട്ടുളളത്. എന്‍ബിഎഫ്‌സി കളില്‍ ഉണ്ടായ പ്രശ്‌നങ്ങളും അടിസ്ഥാന മേഖലകളിലെ വളര്‍ച്ചാ മുരടിപ്പും ജിഡിപി നിരക്കിനെ ബാധിച്ചതായാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്. ആദ്യപാദത്തില്‍ വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു. അതില്‍ നിന്നാണ് 7.1 ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കുന്നത്.

വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടന തന്നെയായി രാജ്യം തുടരുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. അതിനിടെ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി റേറ്റിങ്ങ് ഏജന്‍സി ഫീച്ച് കുറച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ വളര്‍ച്ച 7.4 ശതമാനമാവുമെന്നാണ് കണക്കാക്കിയിരുന്നത്. അടിസ്ഥാന മേഖലകളായ കൃഷി, നിര്‍മ്മാണം, ഖനി തുടങ്ങിയവയില്‍ 2.4 ശതമാനം മാത്രം വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 6.9 ശതമാനത്തിലെത്തിയിരുന്നു. വളര്‍ച്ചയിലെ ഈ തിരിച്ചിറക്കമാണ് നിരക്കിലും പ്രകടമായതെന്നാണ് വിലയിരുത്തുന്നത്. റോയിട്ടേഴ്‌സ്, ഇക്രി, എന്നീ റേറ്റിങ്ങ് ഏജന്‍സികള്‍ 7.4, 7.2 എന്നിങ്ങനെയാണ് രണ്ടാം പാദവളര്‍ച്ചാ നിരക്ക് പ്രവചിച്ചിരുന്നത്. ആര്‍ബിഐയാവട്ടെ വളര്‍ച്ച 7.4 ശതമാനത്തിലെത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നെല്ലാം വിഭിന്നമായ വളര്‍ച്ചാകണക്കുകളാണ് പുറത്തുവന്നിട്ടുളളത്.

ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനത്തിലേറെ വളര്‍ച്ചയാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ വളര്‍ച്ച 7 ശതമാനത്തിലേക്ക് ചുരുങ്ങാനുളള സാദ്ധ്യതയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്‍കൂട്ടിക്കാണുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പലതും സമ്പദ് രംഗത്ത് ഉദ്ദേശിച്ച ഫലമുളവാക്കിയില്ലെന്ന വിലയിരുത്തലുകളാണ് പുറത്തു വരുന്നത്. അതിനൊപ്പം ഇടിയുന്ന വളര്‍ച്ചാ നിരക്ക് കൂടിയാവുമ്പോള്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച് വിഷമവൃത്തം തീര്‍ക്കുകയാണ്. ഒരു പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിയ്‌ക്കെ സമ്പദ് രംഗത്തുണ്ടാവുന്ന തിരിച്ചടികള്‍ സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകം തന്നെയാണ്.

വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുള്ള പരിഷ്‌കരണങ്ങള്‍ തിരിച്ചടിയായി – അനില്‍കുമാര്‍ ശര്‍മ്മ

ഇന്ത്യന്‍ സമ്പദ് രംഗം കാലികമായി ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇന്ധനവില, രൂപയുടെ മൂല്യശോഷണം, പണപ്പെരുപ്പം, ധനക്കമ്മി, ബാങ്കുകളുടെ പെരുകുന്ന കിട്ടാക്കടം……. അങ്ങനെ ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ സമ്പദ് രംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഈ സങ്കീര്‍ണ്ണതകള്‍ക്കുപരി സമ്പദ് രംഗത്ത് നടപ്പാക്കപ്പെടുന്ന പുത്തന്‍ നയങ്ങളുടെ ഫലമായുളവാകുന്ന സങ്കീര്‍ണ്ണതകളും തിരിച്ചടിയായി മാറുന്നുണ്ട്.ജിഎസ്ടി , നോട്ട് നിരോധനം തുടങ്ങിയവ സമ്പദ് രംഗത്ത് ആവശ്യമായിരുന്നുവെങ്കില്‍ തന്നെ അത് നടപ്പാക്കിയ രീതിയില്‍ വലിയ വീഴ്ചയുണ്ടായി. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് അത് നടപ്പാക്കിയത്. ജനങ്ങളെ സംബന്ധിച്ച് ഇതിന്റെയൊക്കെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തന്നെയാണ് പ്രധാനമാവുക.

സമ്പദ് രംഗത്ത് ഇടത്തരം -ചെറുകിട മേഖലകള്‍ക്ക് വലിയ ആഘാതമാണ് കറന്‍സി പിന്‍വലിക്കലും ജിഎസ്ടിയും വരുത്തിവെച്ചത്. ഇതൊക്കെ വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊക്കെ സ്വാധീനിക്കുന്നുണ്ട്. പ്രാദേശികമായ പ്രശ്‌നങ്ങള്‍ പ്രധാനമാണെങ്കിലും മൊത്തത്തില്‍ ഇവയൊക്കെ പരിഗണിക്കപ്പെടുന്നുണ്ട്. മോദിസര്‍ക്കാര്‍ പല ധീരമായ തീരുമാനങ്ങളും എടുക്കുകയുണ്ടായി. എന്നാല്‍ അവ ഉദ്ദേശിച്ച ഫലമുളവാക്കിയില്ലെന്നു മാത്രമല്ല തിരിച്ചടിയാവുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ ജനപക്ഷത്തുനിന്നുളള തീരുമാനങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നതും വ്യക്തമാകുന്നു.

(കേരളകൗമുദി ബിസ്സിനസ്സ് എഡിറ്ററാണ് ലേഖകന്‍)

അടിസ്ഥാന മേഖലയിലെ മുരടിപ്പ് നിര്‍ണ്ണായകമായി – കെ.ടി.ജോസഫ്

രാജ്യത്തെ സമ്പദ് രംഗത്ത് ഒട്ടേറെ നെഗറ്റീവ് ഘടകങ്ങള്‍ സംജാതമായിട്ടുണ്ട്. പുത്തന്‍ നയങ്ങളുടെ ഭാഗമായുണ്ടായ മുരടിപ്പ് ചെറുകിട – ഇടത്തരം സംരംഭങ്ങളെ തളര്‍ത്തിയിരിക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയുടെ ശക്തി സ്രോതസ്സിനെ മരവിപ്പിക്കുന്നതിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മേഖലയായ കൃഷിയിലും നിര്‍മ്മാണ ഖനന രംഗങ്ങളിലും ഉണ്ടായിരിക്കുന്ന തളര്‍ച്ച രണ്ടാം പാദഫലത്തെ ഗണ്യമായി പിന്നോട്ടടിച്ചുവെന്നു തന്നെയാണ് തെളിയുന്നത്. രണ്ടാം പാദത്തില്‍ ഈ അടിസ്ഥാന മേഖലയിലെ വളര്‍ച്ച 2.4 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നത് ഇതിന്റെ പ്രത്യക്ഷോദാഹരണം കൂടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഈ രംഗത്തെ വളര്‍ച്ച 6.9 ശതമാനമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

അടിസ്ഥാനമേഖലയുടെ കരുത്ത് സമ്പദ് ഘടനയുടെ നട്ടെല്ല് തന്നെയാണെന്നത് വെറുമൊരു കണ്‍സെപ്റ്റ് മാത്രമല്ലെന്നത് ഇവിടെ വ്യക്തമാവുന്നുണ്ട്. കാര്‍ഷിക മേഖലയിലും നിര്‍മ്മാണ രംഗത്തുമെല്ലാം ഉത്തേജനം പകരുന്നതിനുളള നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. സമ്പദ് രംഗത്ത് പ്രതീക്ഷിക്കുന്ന വിധത്തിലുളള വളര്‍ച്ച പ്രാപ്തമാവുന്നതിന് അത് അത്യാവശ്യം തന്നെയാണ്. സമ്പദ് രംഗത്തെ കാലികമായുളള സമസ്യകള്‍ക്ക് പരിഹാരം ഉണ്ടാകുന്നതോടൊപ്പം അടിസ്ഥാന ഘടകങ്ങള്‍ക്ക് കൂടി സവിശേഷശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ഈ വളര്‍ച്ചാനിരക്ക് ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

ആഭ്യന്തര സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രധാനമാണ് – പി.സത്യജിത്ത്

സമ്പദ് രംഗത്ത് പല തരത്തില്‍ സങ്കീര്‍ണ്ണത നിലവിലയുണ്ടെന്നത് വാസ്തവമാണ്. ആഗോളതലത്തില്‍ ക്രൂഡ് വി ഉയര്‍ന്നത് രൂപയുടെ വിനിമയ മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളര്‍ കരുത്താര്‍ജ്ജിച്ചത് രാജ്യത്തെ ഇറക്കുമതി ചെലവിലും ധനക്കമ്മിയിലുമൊക്കെ കാര്യമായ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്. നിലവില്‍ ക്രൂഡ് വിലകുറഞ്ഞെങ്കിലും അത് ശാശ്വതമായി കരുതാനാവില്ല. ഒപെക് രാജ്യങ്ങളുടെ ഭാഗത്തു നിന്ന് ചില നയമാറ്റങ്ങള്‍ ഉണ്ടാകാനുളള സാദ്ധ്യതയുണ്ട്. ഇത് വിപണി വിലയെ സ്വാധീനിക്കാം. റേറ്റിങ്ങ് ഏജന്‍സി ഫിച്ച് രാജ്യത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി കുറച്ചതും നിലവിലെ സങ്കീര്‍ണ്ണതകളുടെ പരിണതിയായി തന്നെ കണക്കാക്കാം.

രണ്ടാം പാദത്തില്‍ വളര്‍ച്ച 7.4 ശമാനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വളര്‍ച്ച അതില്‍ നിന്നും താഴേക്ക് വീണത് സാമ്പത്തിക രംഗത്ത് അമ്പരപ്പുളവാക്കിയിട്ടുണ്ട്. ജിഡിപി വളര്‍ച്ചാ നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷം 7 ശതമാനത്തിലേക്ക് താഴാനുളള സാദ്ധ്യതയും ഇപ്പോള്‍ തളളിക്കളയാനാവില്ല. വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന വിധം സമ്പദ് രംഗത്ത് പല മേഖലകളിലും മാന്ദ്യം പിടിമുറക്കുന്നുവെന്നതിന് തെളിവാകുകയാണ് രണ്ടാം പാദത്തിലെ വളര്‍ച്ചാ റിപ്പോര്‍ട്ട്.

അഗ്രിക്കള്‍ച്ചര്‍, നിര്‍മ്മാണം, ഖനനം തുടങ്ങിയ മേഖലകളിലെ വളര്‍ച്ച കാര്യമായി ഇടിയുന്നുവെന്നത് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഈ മേഖലകളിലെ വളര്‍ച്ച 7 ശതമാനത്തിനടുത്തെത്തിയിരുന്നുവെന്നതും ഓര്‍ക്കേണ്ടതുണ്ട്. അടിസ്ഥാന മേഖലയിലുണ്ടാകുന്ന മുരടിപ്പ് സമ്പദ് ഘടനയെ മൊത്തത്തില്‍ ബാധിക്കുമെന്നത് ഒരു പൊതു തത്വം തന്നെയാണെന്നിരിയ്‌ക്കെ അടിസ്ഥാന മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിന്റെ വലിയ ആവശ്യകതയുണ്ട്. ആഗോളതലത്തില്‍ ഉരുത്തിരിഞ്ഞ സാമ്പത്തിക സന്നിഗ്ദ്ധതകളുണ്ടെങ്കില്‍ തന്നെ ആഭ്യന്തരമായ സാമ്പത്തിക പശ്ചാത്തലം തന്നെയാണ് വളര്‍ച്ചയെ സ്വാധീനിച്ചതെന്നതും ഇവിടെ വ്യക്തമാണ്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)