Capturing Business 360°

തിരഞ്ഞെടുപ്പ് ജയത്തോടെ രാഹുലിന് കീഴിൽ ഹൈടെക് ആകാനൊരുങ്ങി കോൺഗ്രസ്; അധികാരം കിട്ടിയ സംസ്ഥാനങ്ങളിൽ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യവുമായി പ്രവര്‍ത്തകർക്കിടയിൽ ടെലിഫോണിക് സർവ്വേ, പുത്തൻ നീക്കങ്ങളിൽ ഇന്ത്യൻ രാഷ്‌ടീയത്തിൽ കൗതുകം

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കാന്‍ ഫോണിലൂടെ വോട്ടെടുപ്പ് നടത്തി രാഹുല്‍ ഗാന്ധി. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശരിയായ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് ഇത്തരമൊരു കമ്ബ്യൂട്ടറൈസ്ഡ് ഓഡിയോ കോള്‍ പദ്ധതി രാഹുല്‍ ഗാന്ധി ആവിഷ്‌കരിച്ചത്.

കഴിഞ്ഞ ദിവസം ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും 7.3 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷ ഫോണ്‍ സന്ദേശം ലഭിച്ചത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനുവേണ്ടി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവും അനുമോദനവും അര്‍പ്പിക്കുന്ന സന്ദേശത്തില്‍ ഒരു പ്രധാന ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. ‘ആരായിരിക്കണം മുഖ്യമന്ത്രി? ഒരു പേര് മാത്രം നിര്‍ദേശിക്കുക’ എന്നും സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അറിയുന്ന ആള്‍ ഞാന്‍ (രാഹുല്‍ ഗാന്ധി) മാത്രമായിരിക്കുമെന്നും പാര്‍ട്ടിയിലെ മറ്റാരും ഇതറിയില്ലെന്നും ബീപ് ശബ്ദത്തിനു ശേഷം മാത്രം സംസാരിക്കൂവെന്നും സന്ദേശത്തില്‍ പറയുന്നു. ഈ കമ്ബ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ ലഭിക്കുന്ന ഡേറ്റ അനുസരിച്ചായിരിക്കും രാഹുലിന്റെ തീരുമാനം.

“ഇതിനു വേണ്ടിയാണ് തങ്ങളിത്രയും കാലം കാത്തിരുന്നത്. ഇതാണ് പുതിയ കോണ്‍ഗ്രസ്സ്. ആദ്യം അടിത്തട്ടിലെ പ്രവര്‍ത്തകരെ കേള്‍ക്കുക എന്നതാണ് പുതിയ കോണ്‍ഗ്രസ്സിന്റെ നിലപാട്.” എന്ന് ഉന്നത കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറയുന്നു.

എംഎല്‍എമാര്‍ക്കിടയില്‍ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം പാര്‍ട്ടി രാഹുലിന് വിട്ടത്. രാഹുല്‍ തീര്‍ത്തും ജനാധിപത്യ രീതിയില്‍ അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയുമായിരുന്നു.