Capturing Business 360°

ഈ വര്‍ഷത്തെ ടൈം മാഗസിന്‍ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ജമാല്‍ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍ക്ക്; ആദരവ് സത്യത്തിന്റെ സംരക്ഷകരായി പ്രവർത്തിച്ചതിനെന്ന് വിശദീകരണം

ന്യൂഏജ് ന്യൂസ്

വാഷിങ്ങ്ടണ്‍: തുര്‍ക്കി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയടക്കം ‘സത്യത്തിന്റെ സംരക്ഷകരായ’ മാധ്യമപ്രവര്‍ത്തകരെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ആദരിച്ച് ടൈം മാഗസിന്‍.

ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് ഖഷോഗ്ജിയെ കൂടാതെ ടൈംസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകര്‍.

‘ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലായത്, സത്യത്തെ വളച്ചൊടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമാണ് എല്ലാ കഥകളിലും സമാനമായി കാണുന്ന വസ്തുത. റഷ്യ മുതല്‍, റിയാദ് മുതല്‍, സിലിക്കണ്‍’- വാലി വരെ ഇതാണ് സ്ഥിതി ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്വാര്‍ഡ് ഫെല്‍സെന്തല്‍ പറഞ്ഞു.

രണ്ടാം സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും, മൂന്നാം സ്ഥാനം 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വഷിച്ച സ്‌പെഷ്യല്‍ കോണ്‍സുല്‍ റോബര്‍ട്ട് മുള്ളര്‍ 111 ഉം നേടിയതായി ഫെല്‍സെന്തല്‍ അറിയിച്ചു.

യു.എസ് അതിര്‍ത്തിയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട 2,000 അഭയാര്‍ത്ഥി കുടുംബങ്ങള്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്ലാക്ക് പാന്തര്‍ ചിത്രത്തിന്റെ സംവിധായകന്‍ റയാന്‍ കൂഗ്ലര്‍, ബ്രിട്ടീഷ് കുടുംബാഗം മേഘന്‍ മെര്‍ക്കല്‍ എന്നിവരും ടൈംസിന്റെ പട്ടികയിലുണ്ടായിരുന്നു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒരു കൂട്ടം ആളുകളെ ടൈംസ് മാഗസിന്‍ പേര്‍സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. ജോലി സ്ഥലങ്ങളിലേയും ദൈനം ദിന ജീവിതത്തിലേയും ലൈംഗീക ചൂഷണം പുറത്തു കൊണ്ടു വന്ന മീടു ക്യാമ്പയ്‌നിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അംഗീകാരം. പ്രശസ്ത ഹോളിവുഡ് വ്യക്തിത്വമായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീനിന്റെ ലൈംഗികാതിക്രമണങ്ങള്‍ പുറത്തു കൊണ്ടു വന്ന ആഷ്‌ലി ജൂഡ്, റോസ് മക്‌ഗോവന്‍ എന്നിവര്‍ക്കും, ക്യാമ്പയ്‌നിനെ സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയ ആക്ടിവിസ്റ്റുകള്‍ക്കുമായിരുന്നു കഴിഞ്ഞ വര്‍ഷം ടൈംസ് അംഗീകാരം നല്‍കിയത്.

തന്നെയല്ലാതെ മറ്റൊരാളെ ഈ സ്ഥാനത്തിന് അര്‍ഹനായി കാണുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ നവംബറില്‍ പറഞ്ഞിരുന്നു.