Capturing Business 360°

രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങുന്നു; നൂതന മത്സ്യപ്രജനന കേന്ദ്രം കൊച്ചിയിൽ തയ്യാർ, കേന്ദ്രമന്ത്രി സുരേഷ് പ്രഭു കേന്ദ്രം നാടിന് സമര്‍പ്പിക്കുന്നത് ശനിയാഴ്ച

ന്യൂഏജ് ന്യൂസ്

കൊച്ചി: രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം. പി. ഇ. ഡി. എ) വല്ലാര്‍പാടത്ത് സജ്ജീകരിച്ച മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ കോംപ്ലക്‌സ്, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു നാടിന് സമര്‍പ്പിക്കും. വല്ലാര്‍പാടത്ത് എം. പി. ഇ. ഡി. എ യുടെ കീഴിലുള്ള ഒമ്ബത് ഏക്കറിലാണ് പദ്ധതി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വല്ലാര്‍പാടത്താണ് ചടങ്ങ്. 7.26 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതിയിലൂടെ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള മത്സ്യകര്‍ഷകര്‍ക്ക് രോഗരഹിതമായ മീന്‍ കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സഹായകരമാകും.

വര്‍ഷത്തില്‍ 20 ദശലക്ഷം കാരച്ചെമ്മീനിന്റെയും വിവിധയിനം മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഹാച്ചറി. ഇതു കൂടാതെ കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, വളവോട് (പൊംപാനോ) എന്നിവയുടെ 16.5 ലക്ഷം കുഞ്ഞുങ്ങളെയും, 0.5 ലക്ഷം ഞണ്ട് കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ശേഷിയുള്ള ആറ് നഴ്‌സറികളും ഈ പദ്ധതിയില്‍ സജ്ജമാണ്.

ഒരു കുടക്കീഴില്‍ മത്സ്യം, കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഹാച്ചറി കോംപ്ലക്‌സായി വല്ലാര്‍പാടത്തെ പ്രജനന കേന്ദ്രം ഇതോടെ മാറും. രാജ്യത്തിനകത്തും പുറത്തും ഏറെ ആവശ്യക്കാരുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടുത്തുള്ളതിനാല്‍ ഈ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇതര സംസ്ഥാനങ്ങളിലുള്ള വിപണന കേന്ദ്രങ്ങളില്‍ വളരെ വേഗം എത്തിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.