Capturing Business 360°

മേജർ പോർട്സ് അതോറിറ്റീസ് ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിൽ; നേരിടുന്നത് ട്രേഡ് യൂണിയനുകളുടെ കടുത്ത എതിർപ്പ്

ന്യൂഏജ് ന്യൂസ്

കൊച്ചി ∙ രാജ്യത്തെ മേജർ തുറമുഖങ്ങളുടെ ഉടച്ചുവാർക്കൽ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മേജർ പോർട്സ് അതോറിറ്റീസ് ബില്ലിന്റെ ഭാവി അവ്യക്തം. മേജർ തുറമുഖങ്ങളിലെ ഭരണ സംവിധാനമായ ബോർഡ് ഓഫ് ട്രസ്റ്റീസിനു പകരം ബോർഡ് ഓഫ് പോർട് അതോറിറ്റി രൂപീകരിക്കാൻ ലക്ഷ്യമിടുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്നാണു സൂചനയെങ്കിലും ട്രേഡ് യൂണിയനുകളുടെ കടുത്ത എതിർപ്പാണു നേരിടുന്നത്. ‘സ്വകാര്യവൽക്കരണ’ ഭയം ചൂണ്ടിക്കാട്ടിയാണ് അവരുടെ എതിർപ്പ്.

ലോക്സഭാ തിരഞ്ഞെടുപ്പു മാസങ്ങൾ മാത്രം അകലെ നിൽക്കെ പ്രതിപക്ഷ കക്ഷികളും ബില്ലിനെ ശക്തമായി എതിർക്കുമെന്നുറപ്പ്. ശീതകാല സമ്മേളനത്തിൽ തീരുമാനമായില്ലെങ്കിൽ ബില്ലിന്റെ സാധ്യതകളും അടഞ്ഞേക്കും. ബില്ലിനു കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു.

തുറമുഖങ്ങൾക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുക, കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു മേജർ പോർട് അതോറിറ്റീസ് ബില്ലിന്റെ (2016) ഉദ്ദേശ്യമെന്നാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ആവർത്തിക്കുന്നത്. സ്വകാര്യ തുറമുഖങ്ങൾ കുതിപ്പു നേടുമ്പോൾ പൊതുമേഖലയിലെ മേജർ തുറമുഖങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണെന്നു ചൂണ്ടിക്കാട്ടിയാണു ഭരണ, പ്രവർത്തന നവീകരണ പദ്ധതിയുമായി ഷിപ്പിങ് മന്ത്രാലയം രംഗത്തിറങ്ങിയത്.

1963 ലെ മേജർ പോർട് ട്രസ്റ്റ്സ് ആക്ടിനു പകരം മേജർ പോർട് അതോറിറ്റീസ് ആക്ട് നടപ്പായാൽ സ്ഥലം ഉൾപ്പെടെയുള്ള തുറമുഖ സ്വത്തുക്കളുടെ വിനിയോഗത്തിൽ അതതു തുറമുഖത്തിനു തന്നെ തീരുമാനമെടുക്കാൻ കഴിയും. വായ്പയെടുക്കാനും കടപ്പത്രങ്ങൾ പുറപ്പെടുവിക്കാനും അധികാരം ലഭിക്കും. ഓരോ തുറമുഖത്തിനും വികസന മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പാക്കാനും ബിൽ അധികാരം നൽകുന്നു.

അതേസമയം, മേജർ തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണത്തിനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണു ട്രേഡ് യൂണിയനുകളുടെ ആക്ഷേപം. തുറമുഖങ്ങളുടെ ഏറ്റവും വലിയ സമ്പത്തായ ഭൂസ്വത്തു വിൽക്കാൻ പോലും അധികാരം നൽകുന്നത് അവയെ ഫലത്തിൽ ഇല്ലാതാക്കുമെന്നും അവർ പറയുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കപ്പെടുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.