Capturing Business 360°

ആധാർ നിയമത്തിൽ ഭേദഗതിക്കൊരുങ്ങി സർക്കാർ; വ്യക്തികള്‍ക്ക് ആധാര്‍ വേണ്ടെന്ന് വെയ്ക്കാം, നിയമത്തിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിൽ

ന്യൂഏജ് ന്യൂസ്

ആധാര്‍ കാര്‍ഡ് വേണ്ടെന്ന് വെയ്ക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരട് വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ പാശ്ചാത്തലത്തില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആധാര്‍ ഒഴിവാക്കാനാകില്ല. കര്‍ശന നിയന്ത്രണങ്ങളോടെ ആധാര്‍ ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആധാര്‍ നമ്പറും, ബയോമെട്രിക് വിവരങ്ങളും വേണമെങ്കില്‍ പിന്‍വലിക്കാം എന്ന നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.

ആധാര്‍ ഉപയോഗം പരിമിതപെടുത്തികൊണ്ടും, സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറരുതെന്ന കര്‍ശന നിര്‍ദേശത്തോടും കൂടിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആധാര്‍ നിയമം ശരിവെച്ചത്. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ സിം കാര്‍ഡിനുമടക്കം ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാനാകുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാര്‍ പിന്‍വലിക്കാമെന്ന ശുപാര്‍ശ ആദ്യം നല്‍കിയത്‌. പതിനെട്ട് വയസ് തികയുന്ന വ്യക്തിക്ക് ആറു മാസത്തിനുളളില്‍ ആധാര്‍ വേണമോ എന്ന് തീരുമാനിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ശുപാര്‍ശ. ഇത് പരിഗണിച്ച നിയമമന്ത്രാലയം ആധാര്‍ പിന്‍വലിക്കാനുളള അവകാശം ഒരു പ്ര്‌ത്യേക വിഭാഗത്തിന് മാത്രമായി പരിമിതപെടുത്താതെ എല്ലാവര്‍ക്കും നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. ഇത് ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്.

ചില മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആധാര്‍ കാര്‍ഡ് നടപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ കൈമാറാമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. ആധാര്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമല്ലെന്നും ആധാര്‍ ഇല്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍ എ ന്നിവക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.