Capturing Business 360°

സൈബർ സിറ്റി പദ്ധതിയ്ക്കുവേണ്ടി 70 ഏക്കർ സ്ഥലം അദാനിക്ക് കൈമാറി; പദ്ധതി ഒരുങ്ങുന്നത് കൊച്ചി കളമശ്ശേരിയിൽ

ന്യൂഏജ് ന്യൂസ്

കൊച്ചി∙ എച്ച്എംടിക്കു വേണ്ടി സർക്കാർ കളമശേരിയിൽ ഏറ്റെടുത്ത സ്ഥലത്തിന്റെ ഭാഗമായ 70 ഏക്കർ ഭൂമി വീണ്ടും കൈമാറി. ഇത്തവണ അദാനി ഗ്രൂപ്പാണ് സ്ഥലം വാങ്ങിയത്. നേരത്തേ ബ്ളൂസ്റ്റാർ റിയൽറ്റേഴ്സ് ഇവിടെ 4000 കോടിയുടെ സൈബർ സിറ്റി പദ്ധതി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.

എത്ര രൂപയ്ക്കാണ് അദാനി ഗ്രൂപ്പ് വാങ്ങിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഹൗസിങ് ഡവലപ്മെന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐൽ) എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉപകമ്പനിയായ ബ്ളൂസ്റ്റാർ റിയൽറ്റേഴ്സാണ് എച്ച്എംടിയിൽ നിന്ന് ഭൂമി 2006ൽ 91 കോടി രൂപയ്ക്കു സ്ഥലം വാങ്ങിയത്. തുക വളരെ കുറവാണെന്നും ഭൂമിക്ക് 700 കോടി വിലയുണ്ടെന്നും എച്ച്എംടിക്ക് വ്യവസായം നടത്താൻ ഏറ്റെടുത്തു നൽകിയ സ്ഥലം അവർക്ക് കൈമാറാൻ അവകാശമില്ലെന്നും ആരോപിച്ച് നാലു പൊതുതാൽപര്യ ഹർജികൾ വന്നെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. എച്ച്ഡിഐഎല്ലിന് സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കുകയും ചെയ്തു. എന്നാൽ വ്യവസായ പദ്ധതിക്കു മാത്രമേ ഭൂമി ഉപയോഗിക്കാൻ പാടുള്ളു.

കൊച്ചി സ്മാർട് സിറ്റി പദ്ധതി വരും മുൻപു തന്നെ കളമശേരിയിൽ വലിയൊരു ഐടി പാർക്ക് വരുമെന്നായിരുന്നു അന്നത്തെ പ്രതീക്ഷ. പക്ഷേ ഭൂമി വാങ്ങിയ എച്ച്ഡിഐൽ സാമ്പത്തിക പ്രതിസന്ധിയിൽ ആകുകയും കടം തീർക്കാൻ സ്വത്തുക്കൾ വിൽക്കുകയും ചെയ്തു. പദ്ധതി വൻ വിവാദമാവുകയും എച്ച്എംടിയിലെ സിഐടിയു യൂണിയൻ കേസ് കൊടുക്കുകയും ചെയ്തതോടെ 2011ലെ സൈബർ സിറ്റി പദ്ധതി ഉദ്ഘാടനത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വിട്ടു നിന്നു.

സൈബർ സിറ്റി പദ്ധതി മൂന്നു ഘട്ടങ്ങളായി നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. ഐടി പാർക്കിൽ 60000 തൊഴിലവസരവും പശ്ചാത്തല സൗകര്യങ്ങളായി പാർപ്പിട സമുച്ചയവും ആശുപത്രിയും ഷോപ്പിങ് കോംപ്ളക്സും മൾട്ടിപ്ളെക്സും പരിശീലന കേന്ദ്രവും മറ്റും പദ്ധതിയുടെ ഭാഗമായി കൊട്ടിഘോഷിച്ചതാണ്. കടത്തിൽ മുങ്ങിയ എച്ച്ഡിഐൽ കമ്പനിയിൽ നിന്ന് അദാനി ഗ്രൂപ്പ് മുൻപും സ്ഥലം വാങ്ങിയിട്ടുണ്ട്. മുംബൈ അന്ധേരിയിൽ രണ്ടേക്കർ 900 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.

സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് എച്ച്എംടിയിൽ നിന്ന് 300 ഏക്കറാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. അതിൽ 240 ഏക്കർ കിൻഫ്ര ഹൈടെക്ക് പാർക്കിനായി നൽകി. 60 ഏക്കർ സഹകരണ മെഡിക്കൽ കോളജിനും. ഈ ഇടപാടിന്റെ ഭാഗമായാണ് എച്ച്എംടിക്ക് 70 ഏക്കർ സ്ഥലം മിച്ചഭൂമി നിയമത്തിൽ നിന്ന് ഒഴിവാക്കി കൊടുത്തത്. ഈ സ്ഥലത്തിന് പിന്നീട് പ്രത്യേക സാമ്പത്തിക മേഖല (സെസ്) പദവി ലഭിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.